പ്രവാസികൾക്ക് തിരിച്ചടിയോ, യു എ ഇയിൽ നടപ്പാക്കിയ പുതിയ തീരുമാനം കാരണം ചോരുന്നത് വൻതുക
ദുബായ്/ യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചത് പ്രവാസി കുടുംബങ്ങൾക്ക് വൻ തിരിച്ചടിയാകുമെന്ന് ആശങ്ക. യുഎഇയിലെ വിവിധ ഇൻഷുറൻസ് കമ്പനികൾ ആണ് കഴിഞ്ഞദിവസം പ്രീമിയം തുക കുത്തനെ ഉയർത്തിയത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പ്രീമിയം തുകയിൽ 10% മുതൽ 35% വരെയാണ് വർദ്ധന ഉണ്ടായത് എന്നാണ് റിപ്പോർട്ട്.
ആരോഗ്യമേഖലയിലെ ചെലവ് വർദ്ധിക്കുന്നതാണ് പ്രീമിയം തുക കുത്തനെ വർധിപ്പിക്കാൻ കാരണമെന്നാണ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന വിശദീകരണം. ഉപഭോക്താക്കളുടെ പ്രായം കൂടി കണക്കിലെടുത്താണ് പ്രീമിയം വർദ്ധിപ്പിക്കുന്നത്. അതേസമയം ദുബായിൽ 4000 ദിർഹത്തിന് താഴെ ശമ്പളം ഉള്ളവർക്ക് നൽകുന്ന ബേസിക് ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ മാറ്റം വരുത്തിയിട്ടില്ല. 4000ത്തിനു മുകളിൽ ശമ്പളം ഉള്ളവർ, വിവാഹിതരായ സ്ത്രീകൾ എന്നിവരുടെ പ്രീമിയം 10% വർദ്ധിപ്പിച്ചിട്ടുണ്ട്. ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ള വനിതകളുടെ പ്രീമിയം 20 മുതൽ 30 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന പ്രായം, രോഗസാധ്യത എന്നിവ കണക്കിലെടുത്താണ് പ്രീമിയം വർദ്ധിപ്പിക്കുന്നത്.