ഡൽഹിയിൽ കൃത്രിമ മഴയ്ക്ക് തയ്യാറെടുത്ത് സർക്കാർ; നോയിഡയിൽ ആശ്വാസമായി നേരിയ മഴ
വായുമലിനീകരണം നിയന്ത്രണാതീതമായതോടെയാണ് കൃത്രിമ മഴയിലൂടെ അന്തരീക്ഷത്തിലെ പൊടിയും പുകയും ഇല്ലാതാക്കുക എന്ന ആലോചനയിലേക്ക് സർക്കാർ കടന്നത്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. കൃത്രിമ മഴ പെയ്യിച്ച് നഗരത്തിലെയും പരിസരത്തെയും വായു മലിനീകരണം ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കൃത്രിമ മഴയുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി തയാറാക്കാൻ ഡൽഹി സർക്കാർ ഐഐടി സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കും. കോടതി അനുമതി ലഭിച്ചാൽ മഴ പെയ്യിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ഡൽഹി സർക്കാരിന്‍റെ തീരുമാനം. കേന്ദ്രത്തിന്‍റെ കൂടി പിന്തുണ ലഭിക്കുകയാണെങ്കിൽ നവംബർ 20 തിങ്കളാഴ്ച ആദ്യഘട്ട കൃത്രിമ മഴ തലസ്ഥാനത്ത് പെയ്തിറങ്ങും.
മേഘാവൃതമായ സാഹചര്യമുണ്ടെങ്കിലെ കൃത്രിമ മഴ പെയ്യിക്കാൻ കഴിയൂ. 40 ശതമാനമെങ്കിലും മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകണം. നവംബർ 20 - 21 തീയതികളിൽ അത്തരമൊരു സാധ്യത കാണുന്നുണ്ട്. പദ്ധതിക്ക് അനുമതി കിട്ടിയാൽ സാധ്യതാ പഠനം നടത്താമെന്ന് ഐഐടി അറിയിച്ചിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാൽ സർക്കാരുമായി സഹകരിച്ച് അത് നടപ്പാക്കാനുള്ള നടപടികളിലേക്കു കടക്കും. മന്ത്രി ഗോപാൽ റായ് പറഞ്ഞു. കൃത്രിമ മഴയുടെ ചെലവ് ഡൽഹി സർക്കാർ വഹിക്കും.