വലയില്‍ കുടുങ്ങിയത് അപൂര്‍വമായ 'സോവ' മത്സ്യം; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി മത്സ്യത്തൊഴിലാളി.
കറാച്ചി: ഒറ്റദിവസം കിട്ടിയ മത്സ്യങ്ങൾക്കൊണ്ട് കോടീശ്വരനായിരിക്കുകയാണ് പാകിസ്താനിലെ ഒരു മീൻപിടിത്തക്കാരൻ. അപൂർവ ഇനത്തിൽപ്പെട്ട മത്സ്യം വലയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചിരിക്കുകയാണ് കറാച്ചിയിലെ ഹാജി ബലൂചിക്ക്.സ്വര്‍ണമത്സ്യമെന്ന് പൊതുവെയും, 'സോവ' എന്ന് പ്രാദേശികമായും അറിയപ്പെടുന്ന മത്സ്യമാണ് ഹാജിയുടെയും തൊഴിലാളികളുടെയും തലവര മാറ്റിയത്. നിരവധി ഔഷധഗുണങ്ങളുള്ള മത്സ്യമാണിത്. കറാച്ചി കടലില്‍വെച്ചാണ് ഹാജിയുടെ ബോട്ടിലെ തൊഴിലാളികൾ ഈ മത്സ്യങ്ങളെ പിടിച്ചത്.
ഇബ്‌റാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിലാണ് ഹാജി ജീവിക്കുന്നത്. തിങ്കളാഴ്ച അറബിക്കടലില്‍ മത്സ്യബന്ധനത്തിനിറങ്ങിയ ഹാജിയുടെ തൊഴിലാളികളുടെ വലയില്‍ അപൂര്‍വ മത്സ്യങ്ങള്‍ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഇവ കറാച്ചി ഹാര്‍ബറിലെത്തിച്ച് ലേലത്തിൽവെച്ചതോടെ ഏഴ് കോടിയോളം പാകിസ്താൻ രൂപയ്ക്കാണ് വിറ്റുപോയത്.
ലേലത്തില്‍ ഒരു മത്സ്യത്തിന് 70 ലക്ഷം രൂപവരെ ലഭിച്ചു.20 മുതല്‍ 40 കിലോഗ്രാം വരെ ഭാരവും ഒന്നര മീറ്ററോളം നീളവുമുള്ള ഈ മത്സ്യത്തിന് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. സാംസ്‌കാരികമായിത്തന്നെ പ്രാധാന്യമുള്ള ഇവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. പാരമ്പര്യ ഔഷധ നിര്‍മാണങ്ങള്‍ക്കായും പാചകത്തിനായും ഇവ ഉപയോഗിക്കുന്നു.
പ്രജനനകാലത്തു മാത്രമാണ് സോവ തീരത്തോട് അടുത്തെത്താറുള്ളത്.ഏഴുപേരടങ്ങുന്ന സംഘത്തിനാണ് സോവ മത്സ്യങ്ങളെ ലഭിച്ചത്. വിറ്റു കിട്ടിയ പണത്തില്‍നിന്ന് ഇവര്‍ക്കെല്ലാം നിശ്ചിത തുക നല്‍കുമെന്ന് ഹാജി ബലൂച് അറിയിച്ചു.