ചലാന്‍ അടയ്ക്കാതെ മുങ്ങി നടക്കണ്ട; എട്ടിന്റെ പണിയുമായി ഗതാഗത വകുപ്പ്
കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ച ശേഷം ഗതാഗത നിയമലംഘനങ്ങള്‍ക്ക് വലിയ കുറവുണ്ടായിട്ടുണ്ട്. എഐ കാമറ സ്ഥാപിച്ച ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഇനത്തില്‍ 130 കോടിക്ക് മുകളില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്താനുണ്ട്.
എന്നാല്‍ 25 കോടി രൂപയില്‍ താഴെ മാത്രമാണ് ഖജനാവിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി സ്വീകരിക്കുകയാണ് ഗതാഗത വകുപ്പ്. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശികയുള്ള വാഹനങ്ങള്‍ക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (PUC) നല്‍കില്ല. ഡിസംബര്‍ ഒന്നുമുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ അംഗീകൃത പുക പരിശോധന കേന്ദ്രങ്ങളില്‍ PUC സര്‍ട്ടിഫിക്കറ്റിനായി എത്തുന്ന വാഹനയുടമകള്‍ക്ക് പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുടിശ്ശിക തീര്‍പ്പാക്കിയ വാഹനങ്ങള്‍ക്ക് മാത്രം പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് റോഡ് സുരക്ഷാ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ പശ്ചിമ ബംഗാളിലും സമാനമായ രീതിയിലുള്ള നിയമം നടപ്പാക്കിയിരുന്നു. നവംബര്‍ ഒന്ന് മുതലാണ് ബംഗാളില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴക്കുടിശ്ശിക പിരിച്ചെടുക്കാനുള്ള പുത്തന്‍ നടപടി നടപ്പിലാക്കിയത്. PUC സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് റിയല്‍ടൈം ടെയില്‍ പൈപ്പ് എമിഷന്‍ ടെസ്റ്റിംഗിനായി എല്ലാ വാഹനങ്ങളും എമിഷന്‍ ടെസ്റ്റിംഗ് സെന്ററുകളില്‍ ഹാജരാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. PUC സര്‍ട്ടിഫിക്കറ്റ് വിതരണ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമാണ് ബംഗാള്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്.
നിങ്ങളുടെ വാഹനത്തിന് തീര്‍പ്പാക്കാത്ത ഏന്തെങ്കിലും ചലാന്‍ ഉണ്ടോ എന്നറിയാന്‍ 'എം പരിവാഹന്‍' എന്ന മൊബൈല്‍ ആപ്പിലൂടെ സാധിക്കും. ഇതുകൂടാതെ എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങളെ കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനായി ഇ-ചെല്ലാന്‍ വെബ്സൈറ്റില്‍ തന്നെ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.