എണ്ണ ഇറക്കുമതിയില്‍ വന്‍ ലാഭം കൊയ്ത് ഇന്ത്യ; റഷ്യയുടെ ഓഫര്‍ നേട്ടമായി
റഷ്യ-യുക്രെയിന്‍ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ചെങ്കിലും ഇന്ത്യയുടെ അസംസ്‌കൃത എണ്ണ (ക്രൂഡോയില്‍) ഇറക്കുമതിക്ക് അത് സമ്മാനിച്ചത് വലിയ ആശ്വാസം.
യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്പടക്കം മറ്റ്ഉപയോക്താക്കളെ നഷ്ടപ്പെട്ട റഷ്യ, ഇന്ത്യക്ക് വന്‍ ഡിസ്‌കൗണ്ടോടെ എണ്ണ നല്‍കാമെന്ന് ഓഫര്‍ നല്‍കിയിരുന്നു.ഇത് പ്രയോജനപ്പെടുത്തി വന്‍തോതില്‍ എണ്ണ വാങ്ങിക്കൂട്ടിയതോടെ നടപ്പുവര്‍ഷം ആദ്യ 9 മാസക്കാലത്ത് ഇറക്കുമതിച്ചെലവില്‍ ഇന്ത്യക്കുണ്ടായ നേട്ടം 270 കോടി ഡോളറാണെന്ന് (ഏകദേശം 22,500 കോടി രൂപ) റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്ത്യയുടെ എല്ലാവിധ ഉത്പന്നങ്ങളുടെയും മൊത്തം ഇറക്കുമതിച്ചെലവിന്റെ മൂന്നിലൊന്നും ക്രൂഡോയില്‍ വാങ്ങാന്‍ വേണ്ടിയുള്ളതാണെന്നിരിക്കേ, ഈ ലാഭം ഇന്ത്യക്ക് നല്‍കുന്നത് വലിയ ആശ്വാസമാണ്.
ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം വ്യാപാരക്കമ്മിയായി (trade deficit) തുടരുന്ന രാജ്യമാണ് ഇന്ത്യ. വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും (വിദേശ നാണയവരുമാനവും ചെലവും തമ്മിലെ അന്തരം) കുറയുമെന്നതാണ് ക്രൂഡോയില്‍ വിലക്കുറവ് കൊണ്ടുള്ള മുഖ്യ നേട്ടം.
റഷ്യ തന്നെ മുന്നില്‍ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്ക് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍പത്താം സ്ഥാനത്തായിരുന്ന റഷ്യയാണ്, ഡിസ്‌കൗണ്ടിന്റെ പിന്‍ബലത്തില്‍ ഈ വര്‍ഷം ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തിയത്.ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഇറക്കുമതിയില്‍ 40 ശതമാനത്തോളവും റഷ്യയില്‍ നിന്നാണ്. ഈ വര്‍ഷം ജനുവരി-സെപ്റ്റംബറില്‍ 69.06 മില്യണ്‍ മെട്രിക് ടണ്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. അതായത്, പ്രതിദിനം 1.85 മില്യണ്‍ ബാരല്‍.ജനുവരി-സെപ്റ്റംബറില്‍ ടണ്ണിന് 525.60 ഡോളറിനാണ് റഷ്യന്‍ എണ്ണ ഇന്ത്യക്ക് ലഭിച്ചത്. ഇതേകാലത്ത് ഇറാക്കിഎണ്ണയ്ക്ക് വില 564.46 ഡോളറായിരുന്നു.ക്രൂഡോയില്‍ വില താഴേക്ക് ഏറ്റവും വലിയ ഇറക്കുമതിക്കാരായ അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് താഴുകയും ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ മുന്നേറുകയും ചെയ്തതോടെ രാജ്യാന്തര ക്രൂഡോയില്‍ വില നേരിടുന്നത് വിലത്തകര്‍ച്ചയാണ്. ഒക്ടോബര്‍ മദ്ധ്യത്തില്‍ ഡബ്ല്യു.ടി.ഐ ക്രൂഡിന് 89 ഡോളറും ബ്രെന്റ് ക്രൂഡിന് 92 ഡോളറുമായിരുന്നു ബാരലിന് വില. ഇപ്പോള്‍ ഡബ്ല്യു.ടി.ഐ ക്രൂഡ് 75.64 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് വില 79.68 ഡോളര്‍. സെപ്റ്റംബറില്‍ ബ്രെന്റ് വില 96 ഡോളറിലെത്തിയിരുന്നു.