Wednesday, 8 November 2023

19 മണിക്കൂർ നിർത്താതെ പറക്കും; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകൾ

SHARE

19 മണിക്കൂർ നിർത്താതെ പറക്കും; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകൾ


ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡ് (ഒഎജി) പ്രകാരം, രാജ്യാന്തര തലത്തിലുള്ള വിമാനയാത്രകളുടെ ശരാശരി ദൈർഘ്യം 1,437 കിലോമീറ്റര്‍ വരെയാണ്. ഇതിനു വേണ്ടി വരുന്നതോ 2 മണിക്കൂറും 29 മിനിറ്റുമാണ്. എന്നാൽ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനറൂട്ടുകള്‍ക്ക് ഇതിന്റെ പത്തിരട്ടിയിലേറെ ദൂരമാണുള്ളത്. അത്തരത്തിൽ, ലോകത്തെ ഏറ്റവുംസമയമെടുക്കുന്ന അഞ്ചു വിമാനയാത്രകളെപ്പറ്റി അറിയാം.

സിംഗപ്പൂര്‍ - ന്യൂയോര്‍ക്ക് 

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് എന്ന പെരുമ സിംഗപ്പൂര്‍–ന്യൂയോര്‍ക്ക് സര്‍വീസിനാണ്. 15,348 കിലോമീറ്ററാണ് ദൂരം. 2020 നംവബറിലാണ് സര്‍വീസ് ആരംഭിച്ചത്. എയർബസ് എ350 900യുഎല്‍ആര്‍ വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. സിംഗപ്പൂരില്‍നിന്ന് 12:10ന് യാത്ര തിരിക്കുന്ന വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്‌ കെന്നഡി വിമാനത്താവളത്തില്‍ 18:50 ന് എത്തിച്ചേരും.യാത്രാസമയം 18:40 മണിക്കൂര്‍. തിരികെ 22:30ന് ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന് സിംഗപൂരിലേക്ക് 05:20ന് എത്തിച്ചേരും. യാത്രാസമയം 18:50 മണിക്കൂര്‍.

സിംഗപ്പൂര്‍ - നെവാർക്ക് 

കൊറോണ വൈറസ് ലോകം കീഴടക്കും മുന്‍പ് ഏറ്റവും ദൈര്‍ഘ്യമുള്ള രാജ്യാന്തരവിമാന സര്‍വീസ് എന്ന പേര് ഈ സര്‍വീസിനായിരുന്നു. 15,344 കിലോമീറ്റര്‍ പിന്നിടുന്ന ഈ സര്‍വീസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ 161 സീറ്റ് എ350 900യുഎല്‍ആര്‍ ആണ് സര്‍വീസ് നടത്തുന്നത്. 67 ബിസിനസ് സീറ്റുകളും 94 പ്രീമിയം ഇക്കോണമി സീറ്റുകളുമാണുള്ളത്.  സിംഗപ്പൂരില്‍നിന്ന് 23.25ന് പറന്നുയരുന്ന വിമാനം ന്യൂജഴ്‌സിയിലെ നെവാർക്കിൽ 06.00ന് എത്തും. സമയം 18:25 മണിക്കൂര്‍. തിരികെ രാവിലെ പത്തിന് പറന്നുയരുന്ന വിമാനം പിറ്റേന്ന് 17.10നാണ് എത്തുക. സമയം 19:10 മണിക്കൂര്‍. സിംഗപ്പൂര്‍ - ന്യൂയോര്‍ക്ക് യാത്രയ്ക്കാണ് ദൂരം കൂടുതലെങ്കിലും സമയം കൂടുതൽ എടുക്കുന്നത് സിംഗപ്പൂര്‍ - നെവാർക്ക് സർ‌വീസിനാണ്.

ദോഹ- ഓക്‌ലന്‍ഡ് 

ഖത്തര്‍ എയര്‍വെയ്സ് 2017 ഫെബ്രുവരിയിലാണ് ഈ  വിമാന സര്‍വീസ് ആരംഭിച്ചത്. ദൂരം 14,535 കിലോമീറ്റര്‍. കോവിഡിനെ തുടര്‍ന്ന് 2020 ഏപ്രിലില്‍ ഈ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്തു. 327 സീറ്റുള്ള എ350-1000 വിമാനമാണ് സര്‍വീസ് നടത്തുന്നത്. ഖത്തറില്‍നിന്നു രാവിലെ 08:20ന് പുറപ്പെടുന്ന വിമാനം ന്യുസീലന്‍ഡില്‍ പിറ്റേന്ന് രാവിലെ 09:15ന് എത്തിച്ചേരും. വേണ്ടി വരുന്ന സമയം 15 മണിക്കൂറും 55 മിനിറ്റും. തിരികെ 15:00ന് ഓക്‌ലന്‍ഡില്‍നിന്നു പുറപ്പെടുന്ന വിമാനം ഖത്തറിലെ ദോഹയിലേക്ക് 17 മണിക്കൂറിനും 15 മിനിറ്റിനും ശേഷം 23.15ന് എത്തിച്ചേരും.

പെര്‍ത്ത് - ലണ്ടന്‍  

2018 മാര്‍ച്ചിലാണ് 14,499 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ എയര്‍ലൈനായ ക്വന്റാസ് ആണ് ഈ വിമാന സര്‍വീസ് നടത്തുന്നത്. ബോയിൽ 787–9 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ആദ്യം ഓസ്‌ട്രേലിയയില്‍നിന്നു യൂറോപിലേക്കുള്ള ആദ്യത്തെ നോണ്സ്‌റ്റോപ് വിമാന സര്‍വീസായിരുന്നു ഇത്.  ഓസ്‌ട്രേലിയയില്‍നിന്ന് 18:45ന് പറന്നുയരുന്ന ക്യുഎഫ്9 ലണ്ടനില്‍ 05:0 5നാണ് എത്തിച്ചേരുക (സമയം 17 മണിക്കൂറും 20 മിനിറ്റും). ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന് 11:55ന് പറന്നുയരുന്ന വിമാനം പിറ്റേന്ന് 11:40ന് ഓസ്‌ട്രേലിയയിലെത്തും.ആകെ 16 മണിക്കൂറും 45 മിനിറ്റുമാണ് യാത്രയ്ക്കെടുക്കുക. ഈ റൂട്ടില്‍ 2023 മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം 11,387 യാത്രികര്‍ സഞ്ചരിച്ചു.

മെല്‍ബണ്‍ - ഡാലസ് 

 ക്വന്റാസ് എയര്‍ലൈന്‍സിന്റെ മെല്‍ബണ്‍ - ഡാലസ്  വിമാന സര്‍വീസാണ് ഈ പട്ടികയില്‍ അഞ്ചാമതുള്ളത്. 14,440 കിലോമീറ്ററാണ് ദൂരം. 236 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് മൂന്ന് ആഴ്ച കൂടുമ്പോഴുള്ള ഈ സര്‍വീസ് നടത്തുന്നത്. 2022 ഡിസംബര്‍ മുതലാണ് ഈ വിമാന സര്‍വീസ് ആരംഭിച്ചത്.മെല്‍ബണില്‍നിന്ന് 12:45ന് പറന്നുയർന്ന് ടെക്‌സസിലേക്ക് 13:45ന് എത്തിച്ചേരും 16 മണിക്കൂറാണ് ഈ ഈ യാത്രയ്ക്കു വേണ്ടി വരിക. തിരിച്ച ടെക്‌സസില്‍നിന്ന് 20:50ന് പറന്നുയര്‍ന്ന് രണ്ടു ദിവസത്തിനുശേഷം 05:22നാണ് മെല്‍ബണിലേക്കെത്തി ചേരുക. യാത്രാ സമയം 17 മണിക്കൂറും 35 മിനിറ്റുമാണ്.




























































































































































































































































































SHARE

Author: verified_user