Wednesday, 8 November 2023

100വര്‍ഷം പഴക്കമുള്ള ഉണക്കനെല്ലിക്ക, പന്നിനെയ്യ്; വിസ്മയിപ്പിക്കുന്ന ശേഖരവുമായി ഒരു വീട്.

SHARE

100വര്‍ഷം പഴക്കമുള്ള ഉണക്കനെല്ലിക്ക, പന്നിനെയ്യ്; വിസ്മയിപ്പിക്കുന്ന ശേഖരവുമായി ഒരു വീട്.


വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിലെ 150 വര്‍ഷം പഴക്കമുള്ള കരിങ്കുറ്റി തറവാടിന്റെ അകത്തളങ്ങളില്‍ വയനാടിന്റെ പോയകാലത്തിന്റെ ചരിത്രം സന്ദര്‍ശകര്‍ക്കായി കാത്തിരിപ്പുണ്ട്. തന്റെ പൂര്‍വികരെ കണ്ടെത്താനും അടയാളപ്പെടുത്താനുമായി ഗൃഹനാഥന്‍ കെ.സി. വസന്തകുമാര്‍ നടത്തിയ ശ്രമങ്ങള്‍ എട്ടുതലമുറയെരേഖപ്പെടുത്തിയ വംശാവലിയിലും അപൂര്‍വ വസ്തുക്കളുടെ ശേഖരത്തിലുമാണ് എത്തിയത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ വീട്ടുപകരണങ്ങളുടെയും രേഖകളുടെയും മഹത്ത്വം തിരിച്ചറിഞ്ഞതോടെ അവയെ വരുംതലമുറയ്ക്കായി സംരക്ഷിക്കുകയായിരുന്നു വസന്തകുമാര്‍. ഇന്ന് ഈ തറവാട് ചരിത്രാന്വേഷകരുടെയും വിദ്യാര്‍ഥികളുടെയും പ്രിയപ്പെട്ട സങ്കേതമാണ്.\

വയനാട്ടിലെ പഴയ ജന്മികുടുംബങ്ങളിലൊന്നാണ് കരിങ്കുറ്റി തറവാട്. വസന്തകുമാറിന്റെ അച്ഛന്‍ ചന്ദ്രപ്രഭാ ഗൗഡറും മുത്തച്ഛന്‍ കൊട്ടൂര ഗൗഡറും ഉപയോഗിച്ചിരുന്നതാണ് പലതും. ഇവയ്‌ക്കൊപ്പം വസന്തകുമാര്‍ നേരിട്ട് ശേഖരിച്ച പുരാവസ്തുക്കളും ഇവിടെയുണ്ട്. 200 വര്‍ഷം പഴക്കമുള്ള മരത്തൊട്ടില്‍, അടുക്കളയില്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വിവിധതരം പാത്രങ്ങള്‍, പ്ലാവില കിണ്ണം, നാഴി, എണ്ണപ്പാത്രം, വെറ്റിലച്ചെല്ലം, നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ഉണക്കനെല്ലിക്ക, പന്നിനെയ്യ് തുടങ്ങി ഉപയോഗയോഗ്യമായ വസ്തുക്കളും ഇവിടെയുണ്ട്.

കൊരമ്പക്കുട, ഒക്കല്‍കൊക്ക, മീട്ടുകൊട്ട, പക്ക, കലപ്പ, നുകം, ഞവരി, പൊലിപ്പാറ, കാലിക്ക് മരുന്നുകൊടുക്കാന്‍ ഉപയോഗിക്കുന്ന കുംഭം, കൊളകം, നാഴി, വള്ളിക്കോല്‍ തുടങ്ങിയവ വയനാടിന്റെ പഴയകാല കാര്‍ഷികപ്പെരുമ വിളിച്ചോതുന്നവയാണ്. ആഭരണപ്പെട്ടി, മുദ്രപ്പത്രങ്ങള്‍,പഴയകാലനാണയങ്ങള്‍ മുതല്‍ ഈയടുത്ത് പിന്‍വലിച്ച 2000 രൂപ വരെയുള്ള നോട്ടുകള്‍ എന്നിവയും ശേഖരത്തിലുണ്ട്.

ആദ്യകാല ക്യാമറകള്‍, ഫോണുകള്‍, ടേപ്പ് റെക്കോര്‍ഡര്‍, ഗ്രാമഫോണ്‍, റെക്കോര്‍ഡുകള്‍ തുടങ്ങി സി.ഡി.കളും മൊബൈല്‍ഫോണുകളുമെല്ലാം പുതുതലമുറയ്ക്കും തങ്ങളുടെ കണ്‍മുമ്പിലൂടെ കടന്നുപോയ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാവും. ആദിവാസിവിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന ചീനിയും കുഴലും, പഴയകാല ആയുധങ്ങള്‍, ഗാന്ധിജി സുബ്ബയഗൗഡര്‍ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് തുടങ്ങിയവയും ശേഖരത്തിലുണ്ട്. മകന്‍ ആശ്രയ് ജൈന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ശാസ്ത്രമേളയ്ക്ക് വീട്ടില്‍നിന്നു കൊണ്ടുപോയി പ്രദര്‍ശിപ്പിച്ച പഴയ വീട്ടുപകരണങ്ങളാണ് ചരിത്രവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് തന്നെ ഓര്‍മപ്പെടുത്തിയതെന്ന് വസന്തകുമാര്‍ പറഞ്ഞു




























































































































































































































































































SHARE

Author: verified_user