അജണ്ട നടപ്പാക്കാതെ തൃക്കാക്കര നഗരസഭ; രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകളും തട്ടുകടകളും അടക്കാനുള്ള തീരുമാനം പിൻവലിച്ചു.
കാക്കനാട്: ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ലഹരി മാഫിയയുടെ പ്രവർത്തനം സജീവമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര നഗരസഭ പരിധിയിൽ രാത്രികാലങ്ങളിൽ സ്ഥാപനങ്ങൾ അടയ്ക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മയക്കുമരുന്നിന്റെയും മറ്റ് ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രാത്രി 11 മണിക്ക് ശേഷം സ്ഥാപനങ്ങൾ അടക്കാൻ ആയിരുന്നു നഗരസഭയുടെ നിർദ്ദേശം. എന്നാൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ശക്തമായ ഇടപെടീൽ മൂലം ഈ തീരുമാനം നഗരസഭ പിൻവലിക്കുകയായിരുന്നു. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തടയണമെങ്കിൽ ബന്ധപ്പെട്ട അധികാരികൾ അതിന്റെ ഉറവിടം കണ്ടെത്തി റെയ്ഡ് പോലെയുള്ള പരിശോധനകൾ നടത്തണമെന്നും അതല്ലാതെ 11 മണിക്ക് ശേഷം ഹോട്ടലുകളിൽ ഉള്ള നിയന്ത്രണം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് ഹോട്ടൽ ആൻഡ്റസ്റ്റോറന്റ് അസോസിയേഷൻ(KHRA) എറണാകുളം ജില്ലാ പ്രസിഡണ്ട് ടിജെ മനോഹരൻ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.