മരുന്നു കഴിച്ചിട്ടും മാറാതെ രോഗങ്ങൾ, ആന്റിബയോട്ടിക്കും വില്ലൻ | അതിരു വിടരുത് ആന്റിബയോട്ടിക് 01.
ചെറിയ പനി, കുറേശ്ശെ ചുമയും തുമ്മലും... വൈറൽ രോഗങ്ങളുടെ കാലമായതുകൊണ്ടാണ് പലരും വൈകാതെ ആശുപത്രിയിൽ പോകാമെന്ന് വിചാരിക്കുന്നത്. എന്നാൽ, രോഗികളുടെ ആധിക്യംകൊണ്ടും മറ്റും തിരക്കിട്ടുനോക്കുന്ന ഡോക്ടർ മറ്റു പരിശോധനകൾക്കൊന്നും നിൽക്കാതെ ആന്റിബയോട്ടിക് ഗുളികകൾ കുറിക്കുന്ന സ്ഥിതിവിശേഷം ഇപ്പോഴും കാണാം. ആന്റിബയോട്ടിക് ഗുളിക കുറിക്കാനും മാത്രം അണുബാധയുണ്ടോയെന്ന പരിശോധന പോലും പലയിടങ്ങളിലും വകവെക്കാറില്ല.
ഇനി മറ്റു ചിലയിടങ്ങളിലാകട്ടെ, നന്നായി പരിശോധിച്ച് മതിയായ ടെസ്റ്റുകളെല്ലാം ചെയ്തതിനു ശേഷം ഡോക്ടർ മരുന്നു കുറിക്കും. ഇവ കഴിച്ചിട്ടും കുറവില്ലെങ്കിൽ വീണ്ടും വന്നുകാണണമെന്നും ആന്റിബയോട്ടിക് തുടങ്ങണമോ എന്ന് അപ്പോൾ പറയാമെന്നും പറയുന്നു. രോഗം പെട്ടെന്നു മാറണമെന്നുള്ളതുകൊണ്ട് ഡോക്ടറോട് ഇപ്പോൾ തന്നെ ആന്റിബയോട്ടിക് എഴുതിക്കോളൂ, വാങ്ങിപ്പോകാമെന്ന് അങ്ങോട്ട് ആവശ്യപ്പെടുന്നവരും പഴയകുറിപ്പടി കാണിച്ച് ഡോക്ടറുടെ നിർദേശമില്ലാതെ വീണ്ടും വീണ്ടും ആന്റിബയോട്ടിക് കോഴ്സ് തുടരുന്നവരും ഒട്ടുംകുറവല്ല.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ വെറുതെപോയി ആന്റിബയോട്ടിക് വാങ്ങികഴിച്ചു ശീലമുള്ളവരാണ് മിക്കയാളുകളും. രണ്ടോമൂന്നോ ദിവസം നിൽക്കാതെ പനിച്ചാലും ചുമച്ചാലും അപ്പോൾ സ്വയം ആന്റിബയോട്ടിക് ചികിത്സ നടത്തും. രോഗത്തിനു പിന്നിൽ വൈറസാണോ ബാക്ടീരിയയാണോ എന്നു പരിശോധിക്കാനോ ശരീരത്തിന് സ്വയം പ്രതിരോധിക്കാനുള്ള അവസരം നൽകാനോ നിൽക്കാതെ ആന്റിബയോട്ടിക്കുകളിൽ അമിതമായി അഭയം തേടിയതിന്റെ ഫലമോ? പകുതിയിലേറെപേരുടെ ശരീരത്തിലും ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥ കൂടി. അതായത് ആന്റിബയോട്ടിക്കുകൾ ശരീരത്തിലേൽക്കാത്ത അവസ്ഥ.