കേരളത്തിൽ നിപ നിരീക്ഷണത്തിൽ അപര്യാപ്തത, വൈറസ് പടരുന്ന സാഹചര്യമറിയാത്തത് വെല്ലുവിളിയെന്ന് ഡോ.ഇ.ശ്രീകുമാർ
കേരളത്തിൽ വൈറസ് മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഇനിയും കണ്ടെത്താനാകാത്തത് വെല്ലുവിളി.
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിരീക്ഷണത്തിൽ അപര്യാപ്തതയുണ്ടെന്ന് തോന്നയ്ക്കൽ അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഡയറക്ടർ ഡോ.ഇ.ശ്രീകുമാർ. കേരളത്തിൽ വൈറസ് മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഇനിയും കണ്ടെത്താനാകാത്തത് വെല്ലുവിളിയാണ്. സ്ഥിരം പ്രശ്നമായി നിപ മാറുമ്പോൾ, നിരന്തര പഠനവും നിരീക്ഷണവും വേണമെന്നും ഡോ. ഇ ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത് പശ്ചിമബംഗാളിലെ സിലിഗുരിയിലായിരുന്നു. 2001ലായിരുന്നു ഇത്. പിന്നീട് 2007 ൽ നാദിയയിലും നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ബംഗ്ലാദേശ് അതിർത്തിയിലുള്ള ഈ രണ്ട് പ്രദേശങ്ങളിലും, ബംഗ്ലാദേശിലെ നിപ വ്യാപനത്തിന് സമാനമായി പനങ്കള്ളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് പകർന്നതെന്നായിരുന്നു പഠനങ്ങളിലെ നിഗമനം.
2018 ൽ കോഴിക്കോട് നിപ ബാധയ്ക്ക് പിന്നാലെ നടത്തിയ ഐസിഎംആർ പഠനങ്ങൾ ചൂണ്ടിക്കാട്ടിയത് പഴം തീനി വവ്വാലുകളിലെ വൈറസ് സാന്നിധ്യമായിരുന്നു. എന്നാൽ ഇവയിൽ നിന്ന് എങ്ങനെ ഏത് സമയത്തു മനുഷ്യരിലേക്ക് വൈറസ് പകരുന്നുവെന്നത് ഇപ്പോഴും അജ്ഞാതമാണ്. ജനിതക വ്യതിയാനം അടക്കം കണ്ടെത്താൻ പിന്നീട് ആധികാരിക പഠനം ഒന്നും നടന്നതും ഇല്ല. തുടർച്ചയായ നിരീക്ഷണത്തിലുള്ള അപര്യാപതയ്ക്ക് വലിയ കൊടുക്കേണ്ടി വരികയാണ് കേരളം. രോഗ വ്യാപനം തടയുന്നതിലെ മിടുക്ക് ചൂണ്ടിക്കാട്ടിയാണ് കേരളം എക്കാലവും വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്. പക്ഷെ രോഗം പൊട്ടിപുറപ്പെടുന്നത് തടയുന്നതിൽ സംസ്ഥാനം തുടർച്ചായി പരാജയപ്പെടുകയാണ്.