ചെറുതോണി അണക്കെട്ടിലെ താഴിട്ട് പൂട്ടലും ദ്രാവകം ഒഴിക്കലും: മിലിറ്ററി ഇൻ്റലിജൻസും അന്വേഷണം തുടങ്ങി
ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ചയിൽ മിലിറ്ററി ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയെന്ന് റിപ്പോർട്ട്. അണക്കെട്ടിൽ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യമുള്ള സാഹചര്യത്തിലാണ് സുരക്ഷാ വീഴ്ച സംബന്ധിച്ചു മിലിറ്ററി ഇൻ്റലിജൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പോലീസിൻ്റെ നേതൃത്വത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തീവ്രവാദ സാധ്യതകളും പോലീസിൻ്റെ അന്വേഷണപരിധിയിലുണ്ട്.
കുറ്റവാളിയായ ഒറ്റപ്പാലം സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി വരുംദിവസം ഇടുക്കി എസ്പി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. പ്രതിയുടെ കുടുംബ പശ്ചാത്തലം ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ സഹോദരങ്ങൾ ഇയാളുമായി ബന്ധപ്പെട്ടു. രണ്ടുദിവസത്തിനുള്ളിൽ കേരളത്തിലേക്ക് എത്താമെന്ന് യുവാവ് ഉറപ്പ് നൽകിയതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഇതനുസരിച്ചാകും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കുക.
ജൂലൈ 22നാണ് ചെറുതോണി അണക്കെട്ടിൽ സന്ദർശക പാസ് എടുത്തു കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടുകയും ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന റോപ്പുകളിൽ ദ്രാവകം ഒഴിക്കുകയും ചെയ്തത്. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ പോലീസ് ചോദ്യംചെയ്തിരുന്നു.
സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിൽ ഡാം സേഫ്റ്റി അധികൃതർ പരിശോധന നടത്തി. ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തിയാണ് പരിശോധന നടത്തിയത്. ഡാം പൂർണ സുരക്ഷിതമെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം സുരക്ഷാ വീഴ്ചയിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നും കേന്ദ്ര ഏജൻസികൾ നേരിട്ടെത്തി അന്വേഷണം നടത്തണമെന്നുമാണ് പൊതുപ്രവർത്തകരുടെ ആവശ്യം.