കോടികളും ലക്ഷങ്ങളും ആർക്കെല്ലാം? മൊത്തം 5,34,670 സമ്മാനങ്ങൾ, 25 കോടിയുടെ ഓണം ബമ്പർ ജേതാവിനെയറിയാൻ മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: തിരുവോണം ബമ്പറിൻ്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സെപ്റ്റംബർ ഇരുപതിനാണ് സംസ്ഥാനത്തെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക സമ്മാനമായി ലഭിക്കുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുക.
ടിക്കറ്റ് വില 500 രൂപയാണെങ്കിലും ഇത്തവണ പ്രതീക്ഷിച്ചതിലും അധികം ടിക്കറ്റുകൾ വിറ്റുപോയതിനാൽ നറുക്കെടുപ്പ് ആവേശകരമായിരിക്കും. കഴിഞ്ഞ വെള്ളിയാഴ്ചവരെ വിറ്റത് 67.31 ലക്ഷം ടിക്കറ്റുകളാണ്. ഇതോടെ കഴിഞ്ഞവർഷത്തെ 66.5 ലക്ഷം ടിക്കറ്റുകളെന്ന റെക്കോർഡ് ഇപ്രാവശ്യം മറികടന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ വിൽപ്പന. ഓണം ബമ്പർ വിൽപ്പന ആരംഭിച്ച ദിവസം മുതൽ പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന റിപ്പോർട്ട് ചെയ്തത്.
കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിൽ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് വിൽപ്പന ഉയരാൻ കാരണാമായത്.
നറുക്കെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ടിക്കറ്റ് വിൽപ്പന 75 ലക്ഷം മറികടക്കുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്. നാലുഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. വിൽപ്പന ആരംഭിച്ച ജൂലൈ 27ന് മാത്രം 4,41,600 ടിക്കറ്റുകളാണ് വിറ്റുപോയത്.
കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി 1,36,759 സമ്മാനങ്ങൾ ഇത്തവണ കൂടുതലുണ്ട്. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബമ്പർ ലോട്ടറിക്കുള്ളത്. ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്പോൾ രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. കഴിഞ്ഞതവണ ഒരാൾക്ക് അഞ്ചുകോടിയായിരുന്നു രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്തുപേർക്ക് ലഭ്യമാകും. രണ്ടുപക്ഷം വീതം പത്തുപേർക്ക് ലഭിക്കുന്ന തരത്തിലാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം 5,000 രൂപ വീതം 60 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്), ഏഴാം സമ്മാനം 2,000 രൂപ വീതം 90 പേർക്കും (അവസാന നാല് അക്കങ്ങൾക്ക്), എട്ടാം സമ്മാനം ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾക്ക്) ലഭിക്കും.
ഒൻപതാം സമ്മാനം 500 രൂപ വീതം 306 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്). സമാശ്വാസ സമ്മാനവും ഞെട്ടിക്കുന്നതാണ്. 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവ) രൂപയാണ് ഓണം ബമ്പറിൻ്റെ സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനം ഓണം ബമ്പറിൻ്റേതാണ്. 25 കോടി രൂപ സമ്മാനത്തുകയായി ലഭിക്കുമ്പോൾ പത്തുശതമാനം ഏജൻ്റിൻ്റെ കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയിം 30 ശതമാനം നികുതി കഴിച്ചുള്ള തുകയാണ് ജേതാവിന് ലഭിക്കുക. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.