ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നത് സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ്. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം.
അറിയാം സന്ധിവാതത്തിന്‍റെ ലക്ഷണങ്ങള്‍...
സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.
ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാം. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാന്‍ ഇത് സഹായിക്കും.
അത്തരത്തില്‍ സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്.
രണ്ട്...
നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നട്സ് സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
മൂന്ന്...
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.
നാല്...
ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളും സന്ധിവാതമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
അഞ്ച്...
ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞൾ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതിനാല്‍ മഞ്ഞൾപ്പൊടി ചേര്‍ത്ത പാല്‍ കുടിക്കുന്നത് സന്ധിവാതം ഉള്ളവര്‍ക്ക് നല്ലതാണ്.