താരമൂല്യം ഒട്ടും കുറഞ്ഞില്ല, പ്രഭാസ് ചിത്രം സലാര്‍ റിലീസിനു മുന്നേ നേടിയത് വൻ തുക
കോടികളാണ് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം സലാര്‍ റിലീസിന് മുന്നേ നേടിയത്.
പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയിലുള്ളതാണ് പ്രഭാസിന്റെ സലാര്‍. പ്രശാന്ത് നീലാണ് പ്രഭാസിന്റെ സലാറിന്റെ സംവിധാനം എന്നതാണ് പ്രധാന ആകര്‍ഷണം. വമ്പൻ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്നതാണ് സലാറിന്റെ പ്രീ റിലീസ് ബിസിനസ്.
നെറ്റ്ഫ്ലിക്സ് പ്രഭാസ് നായകനാകുന്ന സലാറിന്റെ ഒടിടി റൈറ്റ്‍സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. . സലാറിന്റെ റിലീസ് സെപ്‍തംബര്‍ 28നാണെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിയതായി ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ എന്നായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന 'സലാര്‍ നവംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുക. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ പ്രമോഷനായിരിക്കും സലാറിനായി നടത്തുക.
'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് 'സലാര്‍' നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ നായികയായി എത്തുന്നു. വരദരാജ് മന്നാറായിട്ടാണ് സലാറില്‍ പൃഥ്വിരാജ്. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും പ്രഭാസിനും പൃഥ്വിരാജിനും ഒപ്പം പ്രധാന വേഷങ്ങളില്‍ സലാറിലുണ്ട്. വില്ലനായി മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍. ഭുവൻ ഗൗഡയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം രവി ബസ്രുര്‍ ആണ്.