സെപ്റ്റംബർ 3, പതിവു ഞായറാഴ്ചകളിലൊന്നായിരുന്നു എനിക്കത്. ഓഫ് ഡേ ആയിരുന്നതിനാൽ, സുഹൃത്തും മാധ്യമരംഗത്തെ മാർഗദർശിയുമായ ഫ്രാങ്കോ ലൂയീസ് സാറിനെ സന്ദർശിക്കാൻ തൃശൂർ വരെയൊന്നു പോയി. മടക്കയാത്രയിൽ, വിഴിഞ്ഞത്തിനുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഡ്രൈവറുടെ പുറകിലത്തെ സീറ്റിൽ ഞാൻ കയറിയിരിക്കുമ്പോൾ സൈഡ് സീറ്റിൽ ഒരു പെൺകുട്ടിയുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു പെൺകുട്ടി കൂടി കടന്നു വന്നു. അവൾ വൈറ്റിലയ്ക്കാണ് ടിക്കറ്റെടുക്കുന്നതെന്നു കണ്ട ഞാൻ പറഞ്ഞു:
''ഞാൻ അത്താണിയിലിറങ്ങും, മോള് കയറിയിരുന്നോളൂ.''
ടിക്കറ്റെടുക്കാൻ വന്ന കണ്ടക്റ്റർ ജയനോട് ഞാൻ ചോദിച്ചു:
''എട്ടര കഴിഞ്ഞാണ് അത്താണി എത്തുന്നതെങ്കിൽ കുറച്ചു കഴിഞ്ഞൊന്നു നിർത്തി തരാമോ?''
''മാഡം, ഇത് ആലുവ ടിക്കറ്റാണ്. നിങ്ങൾക്ക് ആലുവ വരെ ഇറങ്ങാം. നോക്കട്ടെ, സമയം ഒക്കെ പോലെ ചെയ്യാം'', കണ്ടക്റ്ററുടെ മറുപടി.
ദിവസങ്ങളുടെ ഉറക്കക്ഷീണം ബാക്കിയുണ്ടായിരുന്നതു കൊണ്ട് പതിവു പോലെ ഞാൻ ഉറക്കത്തിലേക്കു വഴുതി.
*** *** ***
കണ്ണു തുറക്കുമ്പോൾ എന്നെ സ്ട്രെച്ചറിൽ കിടത്തിയിരിക്കുന്നു. ആംബുലൻസ് വിളിക്കാൻ ആരൊക്കെയോ ഓടുന്നു... എനിക്കൊരു കുഴപ്പവുമില്ലെന്നൊക്കെ എന്നാലാവും വിധം ഞാൻ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ആംബുലൻസ് എന്നെയും കൊണ്ട് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേക്കു പറക്കുന്നു. കഥയുടെ ട്വിസ്റ്റ് ഇതിനിടയിലാണ്. എനിക്കൊരിക്കലും മറക്കാനാവാത്ത, എനിക്കായി മാത്രം മാലാഖമാർ പറന്നിറങ്ങിയ ആ നിമിഷങ്ങൾ ഇങ്ങനെ
ആ ബസ് യാത്രയ്ക്കിടെ പ്രമേഹം മൂർച്ഛിച്ച് ഉറക്കത്തിൽ എനിക്ക് അപസ്മാരമുണ്ടാകുകയായിരുന്നു. പെട്ടെന്നു ഞാൻ കുഴഞ്ഞു വീണതു കണ്ട് അടുത്തിരുന്ന പെൺകുട്ടികളിലൊരാൾ ചാടിയെണീറ്റു, ''ചേച്ചി വീഴുന്നു...'' എന്ന് ഉച്ചത്തിൽ നിലവിളിച്ചു.
തലയൊരിടത്തും അടിക്കാതെ, പൊട്ടലുകളുണ്ടാകാതെ, ആ രണ്ടു മാലാഖക്കുഞ്ഞുങ്ങളും കൂടി എന്നെ താങ്ങി. അപ്പോഴേയ്ക്ക് അടിവസ്ത്രമടക്കം നനഞ്ഞിരുന്നു. പക്ഷേ, അവർ... അവരാരെന്ന് ഇന്നുമെനിക്കറിയില്ല... അവരിലൊരാൾ അഡ്വക്കേറ്റ് ആണെന്നു മാത്രമറിയാം. ആ നാലു കരങ്ങളിലാണ് ദൈവം ഒരു പോറൽ പോലുമേൽക്കാതെ എന്നെ കാത്തത്.
അവരുടെ കരച്ചിൽ കേട്ട് യാത്രക്കാരിലൊരാൾ - കാഞ്ഞിരപ്പളളി തേനമ്മാക്കൽ താജുദ്ദീൻ - മുന്നോട്ടു വന്നു. അദ്ദേഹം ആ പെൺകുട്ടികളോട് എന്നെ സീറ്റിൽ കിടത്താൻ നിർദേശിച്ചു. എന്നിട്ടും രോഗാവസ്ഥയ്ക്കു കുറവൊന്നും കാണുന്നില്ലെന്നു കണ്ടപ്പോൾ, ഇതു ഫിറ്റ്സാണെന്നു തോന്നുന്നു എന്നദ്ദേഹം പറഞ്ഞു, ''ചാവി എടുത്തു കൈയിൽ പിടിപ്പിക്കൂ'' എന്നായി ബസ് ഡ്രൈവറായ ബിനു. നമുക്കിവരെ ഏറ്റവുമടുത്തുള്ള ആശുപത്രിയിലെത്തിക്കാമെന്നു താജുദ്ദീൻ.
അസാധാരണമായി കെഎസ്ആർടിസി ബസ് ഇരച്ചെത്തുന്നതു കണ്ട കാഷ്വാൽറ്റി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചു. സ്ട്രെച്ചറിലേക്ക് ഒരു തരത്തിൽ പിടിച്ചു കിടത്തി. ഇതിനകം എന്‍റെ ഫോണിൽ നിന്ന് ഞാൻ അവസാനം വിളിച്ചവരെയെല്ലാം വിളിച്ച് താജുദ്ദീൻ വിവരമറിയിച്ചു കൊണ്ടിരുന്നു.
സിനിമാക്കഥകളെ വെല്ലും വിധമാണ് ഒരു ബസ് ജീവനക്കാരും യാത്രക്കാരും ഒരേ മനസോടെ എനിക്കായി അവരുടെ സമയവും ആരോഗ്യവും ചെലവാക്കിയത്. എങ്ങനെ മറക്കും ഞാനിവരെ... ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മാലാഖമാരെ....
താജുദ്ദീൻ വീണ്ടും സുഖവിവരമന്വേഷിച്ചു വിളിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ കുടുംബാംഗമാണെന്നൊക്കെ അറിയുന്നത്.
ധന്യ ആശുപത്രിയിൽ ന്യൂറോ വിഭാഗമില്ലാത്തതു കൊണ്ട് അങ്കമാലി ലിറ്റിൽ ഫ്ലവറിലേക്കു മാറ്റുകയായിരുന്നു. രണ്ടു ദിവസത്തോളം അവിടെ അഡ്മിറ്റ്. ആ സമയത്ത് എനിക്കു സംഭവിച്ചതിന്‍റെയൊരു ഏകദേശ രൂപം മകൻ ഷാരോൺ എനിക്കു പറഞ്ഞു തന്നു.
ബസിലെ ജീവനക്കാരായ ജയനും ബിനുവും ഡ്രൈവർ കം കണ്ടക്റ്റർമാരാണ്. ജയൻ കൊല്ലം സ്വദേശിയും ബിനു തിരുവനന്തപുരം പൂവച്ചൽ സ്വദേശിയും. KS187 എന്ന സ്വിഫ്റ്റ് സൂപ്പർഫാസ്റ്റാണ് ഈ കഥയിലെ മറ്റൊരു പ്രധാന കഥാപാത്രം.
കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ബിനുവും ജയനുംഒരേ റൂട്ടിൽ ഒന്നിൽ കൂടുതൽ ബസുകൾ എപ്പോഴൊക്കെയെന്ന് ഒന്നു ചോദിച്ചപ്പോൾ കയർത്തു സംസാരിച്ച കെഎസ്ആർടിസിക്കാർക്കിടയിലാണ് ഈ ജീവനക്കാർ വേറിട്ട മാതൃകയാകുന്നത്. യാത്രക്കാരോടുള്ള അവരുടെ സമീപനവും മര്യാദയും പ്രശംസനീയം തന്നെ.
*** *** ***
ഇതിനു മുമ്പും ബസ് യാത്രയ്ക്കിടെ അപസ്മാരമുണ്ടായിട്ടുണ്ടെനിക്ക്. വൈറ്റിലയിൽ നിന്നു മറൈൻ ഡ്രൈവിലേക്കു പോകാൻ സ്വകാര്യ ബസിൽ കയറി, ടിക്കറ്റെടുത്തു. ബസ് മുന്നോട്ടെടുത്തപ്പോൾ അപസ്മാര ലക്ഷണങ്ങൾ കണ്ടതോടെ അടുത്തിരുന്ന സ്ത്രീയോട് എനിക്കു ഫിറ്റ്സുണ്ടാകുന്നു എന്നു പറഞ്ഞത് ഓർമയുണ്ട്. പിന്നെ ബോധം തെളിയുമ്പോൾ എന്‍റെ കൈയിലുണ്ടായിരുന്ന വർണക്കുടയും ബാഗിന്‍റെ പുറം സൈഡ് പോക്കറ്റിലുണ്ടായിരുന്ന ഇരുനൂറു രൂപയും കാണാനില്ല!
പോട്ടയിലെ ഈ സംഭവം നടക്കുമ്പോൾ നല്ല മഴ സമയമായിരുന്നിട്ടും എന്‍റെ കുട താജുദ്ദീൻ ധന്യ ആശുപത്രിയിലെ സെക്യൂരിറ്റിയെ പറഞ്ഞ് ഏൽപ്പിക്കുകയും അത് ഫോൺ ചെയ്ത് എന്നെ ഓർമിപ്പിക്കുകയും ചെയ്തു.
ഈ യാത്രയിൽ എനിക്കായി ദൈവം കുറേ മാലാഖമാരെ തന്നെ യാത്രക്കാരായി കൂടെ ചേർത്തു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരിക്കലെങ്കിലും കാണാൻ ഞാൻ ഒരുപാട് ആശിക്കുന്നു, ആ രണ്ടു മാലാഖമാരെയും ജിപിഎസ് ഇട്ട് വഴി കാട്ടിയ ആ ഫ്രീക്കൻ പയ്യനെയും....
https://chat.whatsapp.com/HfNOrGBREHM69NeV0qOVYa