ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഓൺ-ഗ്രൗണ്ട് അനുഭവം പകരുന്നതിനായി എയർ ഇന്ത്യ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘പ്രൊജക്റ്റ് അഭിനന്ദൻ’ എന്നാണ് ഈ പുതിയ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഫ്ലൈറ്റുകൾ ബോർഡിംഗ് ചെയ്തതിനുശേഷം വിമാനത്താവളത്തിലും തടസ്സങ്ങളില്ലാത്ത മികച്ച അനുഭവം അതിഥികൾക്ക് നൽകാനാണ് ഈ പുതിയ പദ്ധതി ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ 16 എയർപോർട്ടുകളിലാണ് ആദ്യഘട്ടത്തിൽ പ്രോജക്ട് അഭിനന്ദൻ നടപ്പിലാക്കുന്നത്. ഈ വിമാനത്താവളങ്ങളിൽ അതിഥികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി 100 സർവീസ് അഷ്വറൻസ് ഓഫീസർമാരെ കമ്പനി നിയമിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ഈ ജീവനക്കാർ യാത്രക്കാരെ സഹായിക്കുകയും അവരുടെ ബോർഡിംഗ് ട്രാൻസിഷൻ തടസ്സമില്ലാത്തതാക്കുകയും ചെയ്യുന്നതാണ്.
കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പൂനെ, വാരണാസി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രൊജക്റ്റ് അഭിനന്ദൻ നടപ്പിലാക്കുന്നത്. സർവീസ് അഷ്വറൻസ് ഓഫീസർമാർക്ക് ഉപഭോക്താക്കളുടെ ആശങ്കകൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന തരത്തിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.