ഇവി വിപണിയിൽ വോൾവോ വിപ്ലവം; ഒറ്റ ചാർജിൽ 530 കിലോമീറ്റർ റേഞ്ചുമായി വോൾവോ സി40 റീചാർജ് ലോഞ്ച് ചെയ്തു
Volvo C40 Recharge Range | വോൾവോ സി40 റീചാർജ് കൂപ്പെ ഇലക്ട്രിക് എസ്‌യുവിയുടെ എക്സ് ഷോറൂം വില 61.25 ലക്ഷം രൂപയാണ്. മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും.
volvo c40 recharge ev with 530km range launched in india
ഇവി വിപണിയിൽ വോൾവോ വിപ്ലവം; ഒറ്റ ചാർജിൽ 530 കിലോമീറ്റർ റേഞ്ചുമായി വോൾവോ സി40 റീചാർജ് ലോഞ്ച് ചെയ്തു
സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു. വോൾവോ സി40 റീചാർജ് (Volvo C40 Recharge) എന്ന കൂപ്പെ ഇലക്ട്രിക് എസ്‌യുവിയാണ് കമ്പനി ലോഞ്ച് ചെയ്തത്. 61.25 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന വാഹനമാണിത്. സി40 റീചാർജിന്റെ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും, ഡെലിവറികൾ വൈകാതെ ആരംഭിക്കുമെന്ന് വോൾവോ അറിയിച്ചിട്ടുണ്ട്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് വോൾവോ സി40 റീചാർജ് വരുന്നത്.
വോൾവോ സി40 റീചാർജ്
വോൾവോ എക്‌സ്‌സി40 റീചാർജ് എന്ന വാഹനത്തിന് ശേഷം കമ്പനി പുറത്തിറക്കിയ രണ്ടാമത്തെ ഓൾ-ഇലക്‌ട്രിക് വാഹനമാണ് വോൾവോ സി40 റീചാർജ്. സി40 റീചാർജ് കൂപ്പെ ഇലക്ട്രിക് എസ്‌യുവി നിർമ്മിച്ചിരിക്കുന്നത് എക്‌സ്‌സി40 റീചാർജിനെ അടിസ്ഥാനമാക്കി തന്നെയാണ്. ഒരു ഇലക്ട്രിക് പവർട്രെയിൻ മാത്രമേ വോൾവോ സി40 റീചാർജിലുള്ളു. വാഹനം പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ ലഭിക്കില്ല. സി40 റീചാർജ് എക്‌സ്‌സി40 റീചാർജ് എന്ന ഇലക്ട്രിക് എസ്‌യുവിയുടെ കൂപ്പെ പതിപ്പാണ്. രണ്ടും സിഎംഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്.
ഡിസൈൻ
ഡിസൈനിന്റെ കാര്യത്തിൽ എക്‌സ്‌സി40, സി40 എന്നിവയിൽ സമാനതകളുണ്ട്. മുൻവശത്ത് രണ്ട് വാഹനങ്ങളും ഒരുപോലെയാണ്. സി40യിൽ കൂപ്പെ ഡിസൈൻ ആയതിനാൽ ചരിഞ്ഞ റൂഫാണുള്ളത്. മുന്നിൽ തോർ ഹാമർ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഡ്യുവൽ-ടോൺ 19 ഇഞ്ച് അലോയ് വീലുകളും നൽകിയിട്ടുണ്ട്. ഡ്യൂവൽ-പോഡ് റൂഫ് സ്‌പോയിലറുള്ള സ്‌ലിക്ക് ടെയിൽ ലാമ്പുകളാണ് സി40യിൽ ഉള്ളത്. ഇത് സ്‌പോർട്ടി ലുക്ക് നൽകുന്നു. ഹെഡ്‌ലൈറ്റുകൾക്കായി വാഹനത്തിൽ പുതിയ പുതിയ പിക്സൽ സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്.
ഇന്റീരിയർ
വോൾവോ സി40 റീചാർജിന്റെ ഇന്റീരിയർ എക്‌സ്‌സി40 റീചാർജിന് സമാനമാണ്. 9.0 ഇഞ്ച് പോർട്രെയ്‌റ്റ് സ്റ്റൈൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതിന് ചുറ്റിലും സ്ലിം എസി വെന്റുകളുമുണ്ട്. ഡാഷ്‌ബോർഡിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉപയോഗിച്ച് വുഡ് ഇൻലേകൾ നൽകിയിട്ടുണ്ട്. വെഗൻ ലെതർ അപ്‌ഹോൾസ്റ്ററിയാണ് വാഹനത്തിലുള്ളത്. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 360-ഡിഗ്രി ക്യാമറ, ADAS ടെക് എന്നിവയും കാറിലുണ്ട്.
പവർട്രെയിൻ
വോൾവോ സി40 റീചാർജ് ഇലക്ട്രിക് വാഹനത്തിൽ ഡ്യുവൽ-മോട്ടോർ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഓരോ ആക്‌സിലിലും ഓരോ മോട്ടോർ വീതമാണ് നൽകിയിട്ടുള്ളത്. ഒറ്റ ചാർജിൽ 530 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന 78kWh ബാറ്ററി പായ്ക്കാണ് ഈ വാഹനത്തിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 27 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന 150kW DC ചാർജറും വോൾവോ സി40 റീചാർജിൽ കമ്പനി നൽകിയിട്ടുണ്ട്.
Vvn