ലിബിയയിൽ അണക്കെട്ടുകൾ തകർന്നു, വെള്ളം കുതിച്ചെത്തി; 5,000ത്തിലധികം മരണം, 10,000 പേരെ കാണാതായെന്ന് ലിബിയൻ സർക്കാർ
ലിബിയയിൽ കനത്ത മഴയിൽ അണക്കെട്ടുകൾ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. പതിനായിരത്തിലധികം പേരെ കാണാതായതായി അധികൃതർ. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല
ട്രിപ്പോളി: കനത്ത മഴയിൽ ലിബിയയിൽ അണക്കെട്ടുകൾ തകർന്ന് മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. 10,000 പേരെ കാണാതായി. വടക്കുകിഴക്കൻ ലിബിയയിലെ രണ്ട് അണക്കെട്ടുകളാണ് തകർന്നത്. അണക്കെട്ടുകൾ തകർന്നതോടെ കനത്ത മഴയിൽ വെള്ളത്തിനടിയിലായ പ്രദേശങ്ങളിലേക്ക് കൂടുതൽ വെള്ളം എത്തിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചത്.
കുറഞ്ഞത് 5,300 പേരെങ്കിലും മരിച്ചതായാണ് വിവരമെന്ന് കിഴക്കൻ ലിബിയയിലെ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. മരിച്ചവരിൽ 145 പേർ ഈജിപ്തിൽ നിന്നുള്ളവരാണ്. കിഴക്കൻ നഗരമായ ഡെർണയിൽ 6,000 പേരെ കാണാതായതായി ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുൽ ജലീൽ പറഞ്ഞു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ലിബിയയുടെ വടക്ക് - കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പതിനായിരക്കണക്കിനാളുകളെ കാണാതായതിനാൽ മരണസംഖ്യ ഉയരുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത അവസ്ഥയാണ്.
ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസി ഉൾപ്പെടെയുള്ള കിഴക്കൻ നഗരങ്ങളിൽ കനത്ത നഷ്ടമാണുണ്ടായത്. ആശുപത്രികളും മോർച്ചറികളും നിറഞ്ഞ അവസ്ഥയിലാണെന്നും ഭൂരിഭാഗം ജനവാസഭാഗങ്ങളും വെള്ളത്തിനടിയിലായെന്നും അധികൃതർ അറിയിച്ചു. ആശുപത്രികളുടെ വരാന്തകളിലും മോർച്ചറിയുടെ പുറത്തും മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡെർനയിൽ അണക്കെട്ടുകൾ തകർന്നതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി പറഞ്ഞു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായപ്പോൾ പലതും തകർന്നു വീണു. വീടുകളിൽ ചെളിനിറഞ്ഞ അവസ്ഥയിലാണ്. കാണാതായവർ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്താൻ സർക്കാരിനാകുന്നില്ല. ഐക്യരാഷ്ട്ര സഭയ്ക്ക് പിന്നാലെ തുർക്കിയും മറ്റ് രാജ്യങ്ങളും ലിബിയയ്ക്ക് സഹായവുമായെത്തി. രക്ഷാപ്രവർത്തനം നടത്തുന്ന വാഹനങ്ങൾ, റെസ്ക്യൂ ബോട്ടുകൾ, ഭക്ഷണം, വസ്ത്രം ഉൾപ്പെടെയുള്ള സഹായങ്ങൾ കൈമാറുകയാണ്.