Niaph Virus Kozhikode: സംസ്ഥാനത്ത് നാല് പേർക്ക് നിപ ബാധ; രണ്ട് മരണം, രണ്ട് പേർ ചികിത്സയിൽ
Niaph Virus Kozhikode: നിലവിൽ രോഗം സ്ഥിരീകരിച്ച നാല് പേരിൽ രണ്ട് പേർ മരണപ്പെട്ടു, രണ്ട് പേർ ചികിത്സയിലാണ്. ആകെ 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
Niaph Virus Kozhikode: സംസ്ഥാനത്ത് നാല് പേർക്ക് നിപ രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിലെ ഫലം ഔദ്യോഗികമായി സംസ്ഥാന സർക്കാരിന് ലഭിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച നാല് പേരിൽ രണ്ട് പേർ മരണപ്പെട്ടു, രണ്ട് പേർ ചികിത്സയിലാണ്.
കോഴിക്കോട് ആദ്യം പനി ബാധിച്ച് മരിച്ചയാളുടെ മകനും ഭാര്യാ സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ. മരണപ്പെട്ടയാളുടെ ഒൻപത് വയസുകാരനായ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂനെയിൽ പരിശോധനക്ക് അയച്ച അഞ്ച് സാമ്പിളുകളിൽ മൂന്നെണ്ണമാണ് പോസിറ്റീവായത്. ആദ്യം മരണപ്പെട്ടയാളെ ഇൻഡക്‌സ് കേസായി പരിഗണിച്ചാണ് നാല് പേർക്ക് രോഗബാധയെന്ന നിഗമനത്തിൽ എത്തിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നിപ ലക്ഷണങ്ങളുമായി നിലവിൽ 7 പേർ ചികിത്സയിലുണ്ടെന്നെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ വീണാ ജോർജും മഹമ്മദ് റിയാസും അറിയിച്ചിരുന്നു. ഇന്ന് മൂന്ന് പേർ കൂടി ചികിത്സ തേടി. എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. ആകെ 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യ കേസിൽ 158 പേരുണ്ട്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സമ്പർക്ക പട്ടിക വിപുലീകരിക്കും.
രണ്ടാമത്തെ കേസിൽ സമ്പർക്കത്തിലുള 10 പേരെ തിരിച്ചറിഞ്ഞു. ഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്‌ധ സംഘങ്ങൾ നാളെയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ഗസ്‌റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ തുറന്നിട്ടുണ്ട്. വിളിക്കേണ്ട നമ്പറുകൾ: 0495 2383100, 0495 2383101. അതേസമയം, പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. നിപ സംശയം നിലനില്‍ക്കുന്നതിനാലാണ് നടപടി.
ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. വവ്വാല്‍, കാട്ടുപന്നി എന്നിവയാണ് നിപ വൈറസിന്റെ വാഹകരെന്നതിനാല്‍ ഇവയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കഴിവതും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.