നാട്ടിൻപുറങ്ങളിൽ വളരെ സാധാരണയായി കാണുന്ന ഒരു ചെടിയാണ് ഗോൾഡൻ ബെറി അഥവാ ഞൊട്ടാഞൊടിയൻ ചെടി. മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ, നൊട്ടങ്ങ ,മുട്ടാമ്പുളി, ഞെട്ടാഞൊടി എന്നീ വിളിപ്പേരുകളും ഇതിന് പലപ്രദേശങ്ങളിലുമുണ്ട്.
മഴക്കാലത്താണ് ഇത് കൂടുതലായി പറമ്പിലൊക്കെ കാട്ടുചെടിയായി വളരുന്നത്. പറച്ചിലിൽ കാട്ടുചെടിയാണെങ്കിലും വിപണിയിൽ വലിയ വില ലഭിക്കുന്ന പഴമാണ് ഈ ഗോൾഡൻ ബെറി.ഇത് വിപണനാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നവരുമുണ്ട്.
പുൽച്ചെടിയായി മാത്രം കണ്ട് ഗോൾഡൻ ബറിയെ തള്ളിക്കളയാനാവില്ല. ഗോൾഡൻ ബറിയുടെ പോഷകഗുണങ്ങൾ നിരവധിയാണ്.
ആപ്പിൾ, ബ്രൊക്കോളി, മാതളം എന്നിവയേക്കാൾ കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയതാണ് ഇവ. പ്രതിരോധശേഷി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ വളരെ സഹായിക്കും. ഇതിന്റെ ഗുണങ്ങളറിഞ്ഞിരിക്കാം.
നേത്ര സംരക്ഷണത്തിന് ഏറ്റവും ഗുണകരമായ പഴമാണിത്.കൂടാതെ ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഇവ സഹായിക്കും. വൈറ്റമിൻ സിയും എയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് പൊതുവായി ഗോൾഡൻ ബറി കാണാറുള്ളത്.