പാലക്കാട് : കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവർത്തനം അതിവേഗത്തിൽ. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിൽ ആവശ്യമായ 1774.5 ഏക്കറിൽ 1223.8ഉം ഏറ്റെടുത്തു.
ഭൂമി വിട്ടുനൽകിയ 1131 പേരിൽ 783 പേർക്ക് 1323.59 കോടി രൂപ നഷ്ടപരിഹാരവും നൽകി. ബാക്കിയുള്ളവർക്കായി 500 കോടി കൂടി വേണ്ടിവരും.
കൊച്ചി അയ്യമ്പുഴയിൽ 850 കോടി രൂപ ചെലവിൽ 358 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. കിഫ്‌ബി മുഖേനയാണ് തുക നൽകുന്നത്. ഈ വർഷം അവസാനത്തോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനമാണ് ഓഹരി. സംസ്ഥാനം ഭൂമിയും കേന്ദ്രം പാർക്കും ഒരുക്കും. പാലക്കാട്, ഇന്റഗ്രേറ്റഡ് മാനുഫാക്‌ച്ചറിങ് ക്ലസ്‌റ്ററും (ഐഎംസി) കൊച്ചിയിൽ കൊച്ചി ഗ്ലോബൽ ഇൻഡസ്‌ട്രീസ് ഫിനാൻസ് ആൻഡ് ട്രേഡ് (ജിഐഎഫ്‌റ്റി) സിറ്റിയുമാണ് ഉയരുക.
ചെന്നൈ–- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കേരളത്തിലേക്ക് ദീർഘിപ്പിച്ചാണ് 3,600 കോടിയുടെ പദ്ധതി 2019ൽ പ്രഖ്യാപിച്ചത്.
കോവിഡ് കാരണം വൈകി. 2021ൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങി. 2,185 ഏക്കറാണ് ആകെ വേണ്ടത്. നഷ്ടപരിഹാരം നൽകാൻ 2,608 കോടി രൂപ കിഫ്‌ബി നീക്കിവച്ചു. എല്ലാ മാസവും അവലോകനയോഗമുണ്ട്. കോടികളുടെ നിക്ഷേപം 10,000 കോടിയുടെ നിക്ഷേപവും 10,000 തൊഴിലവസരവും പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
ദേശീയപാതയോട് ചേർന്ന വ്യവസായ പാർക്കിൽ ഭക്ഷ്യസംസ്‌കരണം, ഇലക്‌ട്രോണിക്, ഐടി, പരമ്പരാഗത ഉൽപ്പന്നം എന്നിവയുടെ യൂണിറ്റ്, ലോജിസ്‌റ്റിക് പാർക്ക്, സംഭരണ കേന്ദ്രം, ശീതീകരണ സംഭരണശാല എന്നിവ വരും. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും.