കോട്ടയം : കോട്ടയത്തിൻ്റെ പിങ്ക് വസന്തം; ആമ്പൽ ഫെസ്റ്റിന് തുടക്കമായി; പ്രദേശത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്
പാടം നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച കണ്ണിനു കുളിർമ നൽക്കുന്നതാണ്. കോട്ടയം മലരിക്കലിലെ ഈ പ്രതിഭാസം കാണാൻ സന്ദർശകപ്രവാഹമാണ് പ്രദേശത്ത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് ഈ വർഷത്തെ ആമ്പൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.
നോക്കെത്താ ദൂരത്തോളം ആമ്പൽച്ചെടികൾ , സഞ്ചാരികളെ ആകർഷിച്ച് മലരിക്കൽ
കോട്ടയം: കോട്ടയത്തിൻ്റെ പിങ്ക് വസന്തമായ തിരുവാർപ്പ് മലരിക്കലിൽ ആമ്പൽ ഫെസ്റ്റിന് തുടക്കമായി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് മലരിക്കലിൽ ആമ്പൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് മലരിക്കലിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന പാടങ്ങളിലാണ് ആമ്പൽപ്പൂക്കൾ പൂവിട്ടിരിക്കുന്നത്.
വെള്ളം കയറിയ പാടങ്ങളിൾ ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാഴ്ച കാണുന്നത് തന്നെ കണ്ണിനും മനസിനും കുളിർമ നൽക്കുന്നു. ദിവസവും നിരവധി പേരാണ് ഈ ദൃശ്യമനോഹാര്യത കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും എത്തുന്നത്. സന്ദർശകർക്ക് വള്ളങ്ങളിൽ യാത്ര ചെയ്ത് ആമ്പലുകൾക്കിടയിലൂടെ കാഴ്ചകൾ കാണാനും അവസരമുണ്ട്. ആഗസ്റ്റ് മാസമാണ് മലരിക്കലിൽ ആമ്പൽ പൂക്കുന്ന സീസൺ. അതുകൊണ്ടുതന്നെ ഇപ്പോൾ കണ്ടില്ലെങ്കിൽ ഇക്കാഴ്ച കാണാൻ അടുത്തവർഷം വരെ കാത്തിരിക്കേണ്ടി വരും.
തികച്ചും സഞ്ചാരസൗഹൃദ പ്രദേശമാണ് മലരിക്കലിൽ. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് എകദേശം ഒമ്പത് കിലോമീറ്റര്‍ യാത്രയുണ്ട് മലരിക്കലിലേക്ക്. കുമരക്കം സന്ദര്‍ശിക്കുന്നവര്‍ 13 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മലരിക്കലില്‍ എത്താം. ആഗസ്റ്റ് മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ എറ്റവും അനുയോജ്യം.
മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുക്തമായാണ് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, മീനച്ചിലാർ- മീനന്തരയാർ- കൊടൂരാർ നദീപുനർസംയോജന പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
ആമ്പൽ ഫെസ്റ്റിവൽ കാണാനെത്തുന്നവർ വള്ളങ്ങളിലെ യാത്ര നടത്തുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും പാളിച്ചുണ്ടായാൽ ടൂറിസത്തെയും വരുമാന മാർഗ്ഗത്തെയും ഇത് ബാധിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു.