കർക്കടക മാസത്തിൽ മുത്തിൾ എന്ന ഔഷധ സസ്യത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. കരിന്തക്കാളി, കരിമുത്തിൾ, കുടങ്ങൽ, കൊടുങ്ങൽ, സ്ഫലബ്രഹ്‌മി എന്നിങ്ങനെ വിവിധ പേരുകൾ ഇതിനുണ്ട്. സ്ഥലം മാറുന്നതനുസരിച്ച് പേര് മാറുന്നു എന്നുമാത്രം.
യുവത്വം നിലനിർത്തുന്നതിനായി പ്രകൃതി നൽകിയ ഔഷധക്കലവറ എന്നിങ്ങനെ വിവിധ വിശേഷണങ്ങളാണ് ഈ സസ്യത്തിനുള്ളത്. കർക്കടക മാസത്തിൽ ഇവ ഉപയോഗിക്കുന്നത് അത്യുത്തമം ആണെന്ന് പഴമക്കാർ പറയുന്നു.
ജലാംശം ഉള്ള മണ്ണിലും ചതുപ്പ് നിലങ്ങളിലും നിലംപറ്റി വളരുന്ന ഈ സസ്യത്തിന് വൃക്കയുടെ ആകൃതിയിലുള്ള ഇലകളാണ് ഉള്ളത്. ഇവയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ ദ്രാവിഡ സിദ്ധവൈദ്യന്മാർ അതിപുരാതനകാലം മുതൽ തന്നെ ഈ സസ്യം ഔഷധക്കൂട്ടുകളിൽ ഉപയോഗിച്ചിരുന്നുവത്രെ.
മുത്തിൾ ഔഷധങ്ങൾക്ക് ഏറെ ഉപകാരപ്രദം എന്നത് പോലെ തന്നെ ഇവ തോരൻ വെച്ചും കഴിക്കാവുന്നതാണ്. ഇതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം…
മുത്തിൾ – രണ്ട് കൈപ്പിടി
ഉപ്പ് – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
വെളിച്ചണ്ണ- 3 ടേബിൾ സ്പൂൺ
കടുക്-1 ടേബിൾസ്പൂൺ
അരി- 1 ടേബിൾസ്പൂൺ
ഉണക്കമുളക്-2 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ചിരകിയ നാളികേരം- അര കപ്പ്
ആദ്യം മുത്തിൾ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വെയ്‌ക്കണം. ശേഷം ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. കടുക്, അരി എന്നി ചേർത്ത് അരി ഗോൾഡൻ ബ്രൗൺ നിറത്തിൽ എത്തുന്നത് വരെ ഇളക്കുക. ഉണക്കമുളക്, വെളുത്തുള്ളി എന്നിവ ഇതിന് ശേഷം ഇതിലേക്ക് ചേർക്കുക.
ഇവ നിറം മാറി വരുമ്പോൾ അരിഞ്ഞ് വെച്ച മുത്തിൾ ചേർത്ത് അടച്ച് വെച്ച് രണ്ട് മിനിറ്റ് വേവിക്കുക. ശേഷം ചിരകിയ തേങ്ങ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്താൽ മതിയാകും തോരൻ തയാർ.
കർക്കടക മാസത്തിൽ മുത്തിൾ ഉപയോഗിക്കുന്നതിന്റെ ഔഷധഗുണങ്ങൾ
ബുദ്ധി വികാസത്തിനും, തലവേദനയ്‌ക്കും, തലച്ചോറിന്റെ കോശങ്ങൾ നശിച്ച് ഉണ്ടാകുന്ന ഓർമ്മക്കുറവിനും ശ്രദ്ധ ഇല്ലാത്ത അവസ്ഥയ്‌ക്കും മുത്തിൾ ഉപകാരപ്രദമാണ്. ഈ സസ്യത്തെ തലച്ചോറിലെ നാഡീകോശങ്ങളുടെ സംരക്ഷണത്തിനുള്ള ബ്രയിൻ ടോണിക് എന്ന് തന്നെ വിശേഷിപ്പിക്കാം. കഫം, പിത്തം എന്നിവ ശമിപ്പിക്കുന്നതിനും ഹൃദയപേശികളുടെ സംരക്ഷണത്തിനും കരൾ സംരക്ഷണത്തിനും കുടൽ വൃണത്തിനും വെള്ളപാണ്ടിനും ആമവാതത്തിനും ശമനം ലഭിക്കുന്നതിന് ഈ സസ്യം ഉത്തമമാണ്.