ലോകത്ത് ഇന്ന് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയാണ് 101 വയസ്സുകാരന്‍ ഡോ. ഹോവാര്‍ഡ് ടക്കര്‍. 75 വര്‍ഷത്തെ സുദീര്‍ഘ കരിയറാണ് അദ്ദേഹത്തിന്റേത്. സാങ്കേതിക കാര്യങ്ങളില്‍ ഡോക്ടറിനെ സഹായിക്കുന്ന കൊച്ചുമകന്‍ ഓസ്‌റ്റിന്‍ ടക്കര്‍ ഡോ. ഹോവാര്‍ഡിന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ചൊരു ഡോക്യുമെന്ററി ചിത്രം നിര്‍മിക്കുന്നുണ്ട്. തന്റെ മുത്തച്ഛനെ പോലെ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ ഇനി പറയുന്ന മൂന്ന് കാര്യങ്ങള്‍ അദ്ദേഹത്തെ പോലെ ജീവിതത്തില്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് ഓസ്‌റ്റിന്‍ പറയുന്നു.
1. പഠിച്ചു കൊണ്ടേയിരിക്കുക
67-ാം വയസ്സിലാണ് ഡോ. ഹോവാര്‍ഡ് ബാര്‍ പരീക്ഷ പാസ്സാകുന്നത്. ഡോക്ടറായി ജോലി ചെയ്യുന്നതിനിടെ തന്നെ വക്കീല്‍ പരീക്ഷയ്‌ക്ക് പഠിക്കാനും അത് പാസ്സാകാനും ഹോവാര്‍ഡിന് സാധിച്ചത് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള കൗതുകവും താൽപര്യവും കൊണ്ടാണ്. സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും അതിനെ പറ്റി അറിയാനും പുതിയ കാര്യങ്ങള്‍ സ്വായത്തമാക്കാനും അദ്ദേഹത്തിന് ഇന്നും താൽപര്യമുണ്ടെന്ന് ഓസ്‌റ്റിന്‍ പറയുന്നു. പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടേയിരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. എന്ത് കാര്യത്തിലും 100 ശതമാനം ആത്മസമര്‍പ്പണം നടത്തുന്ന ശീലമാണ് ഹോവാര്‍ഡിന്റേതെന്നും ഓസ്‌റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
2. ആരോടും വെറുപ്പ് മനസ്സില്‍ സൂക്ഷിക്കരുത്
മറ്റുള്ളവരോട് വെറുപ്പ് മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും നമുക്ക് തന്നെയാണ് അത് ഹാനികരമാവുകയെന്നുമുള്ള വിലപ്പെട്ട പാഠവും ഹോവാര്‍ഡ് ഓസ്‌റ്റിന് പകര്‍ന്നു നല്‍കി. മറ്റുള്ളവരോട് ദേഷ്യപ്പെടുമ്പോഴും അവരെ വെറുക്കുമ്പോഴും അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും പ്രതികൂലമായി ബാധിക്കും. 66 വര്‍ഷത്തെ സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണ് ഹോവാര്‍ഡ് ടക്കറിന്റെയും മനഃശാസ്‌ത്രജ്ഞയായ ഭാര്യയുടേതും. നിങ്ങളും നിങ്ങളുടെ പങ്കാളിയും രണ്ട് വ്യത്യസ്‌ത വ്യക്തികളാണെന്ന തിരിച്ചറിവും അത് മനസ്സിലാക്കിയുള്ള വിട്ടുവീഴ്‌ചകളുമാണ് സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യമെന്നും ഹോവാര്‍ഡ് പറയുന്നു. നിങ്ങളുടെ ഭാഗത്താണ് തെറ്റെങ്കില്‍ അത് അംഗീകരിക്കുക. നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കില്‍ മിണ്ടാതിരിക്കുക. ഇതാണ് ഹോവാര്‍ഡ് കൊച്ചുമകന് നല്‍കിയ ഉപദേശം. ആരോഗ്യകരമായ ബന്ധങ്ങള്‍ ഏത് പ്രായത്തിലുമുള്ള മരണത്തിന്റെ സാധ്യതകള്‍ കുറയ്‌ക്കുന്നതായും പ്രായമാകുമ്പോഴുള്ള വേദനയും പരുക്കുകളും ലഘൂകരിക്കുന്നതായും പഠനങ്ങളും ശരിവയ്‌ക്കുന്നു.
3. എല്ലാം മിതമായ തോതിലാകാം
എല്ലാം മിതമായ തോതിലാകാം എന്ന ജീവിത ദര്‍ശനമാണ് ഹോവാര്‍ഡ് വച്ചു പുലര്‍ത്തുന്നതെന്ന് ഓസ്‌റ്റിന്‍ ചൂണ്ടിക്കാട്ടി. പുകവലി ഒഴിച്ച് ബാക്കി കാര്യങ്ങളിലെല്ലാം ഹോവാര്‍ഡ് ഇത് പിന്തുടരുകയും ചെയ്‌തതായാണ് ഓസ്‌റ്റിന്റെ അഭിപ്രായം. നല്ല കാര്യങ്ങള്‍ക്കായാലും മോശം കാര്യങ്ങള്‍ക്കായാലും അങ്ങേയറ്റത്തോ ഇങ്ങേയറ്റത്തോ ഉള്ള നടപടികള്‍ ഹോവാര്‍ഡ് എടുക്കില്ല. അതിപ്പോ ഭക്ഷണക്രമം ആയാലും വ്യായാമം ആയാലും ശരി. എല്ലാം മിതമായ തോതില്‍ മാത്രം. വ്യായാമം പ്രധാനപ്പെട്ടതാണ്. പക്ഷേ, അതും അധികമാകാന്‍ പാടില്ലെന്ന് ഹോവാര്‍ഡ് ഓസ്‌റ്റിനെ ഓര്‍മിപ്പിക്കുന്നു.