തിരുവനന്തപുരം: ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പഠനം. കൊതുകുകളില്‍ ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ആര്‍ജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്.
ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വര്‍ധിപ്പിക്കുന്നുവെന്ന നിര്‍ണായക വസ്തുതയും പങ്കുവയ്‌ക്കുന്നു. പ്രതിവര്‍ഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് രോഗവ്യാപനത്തില്‍ നിര്‍ണായക ഘടകമാണെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെന്‍റല്‍ ബയോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷണ സംഘത്തലവന്‍ ഡോ. ഈശ്വരന്‍ ശ്രീകുമാര്‍ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യുന്നു. താപനില ഉയരുന്നത് കൊതുകിലെ വൈറസിന്റെ തീവ്രത കൂട്ടാന്‍ ഇടയാക്കും. കൊതുക് കോശങ്ങളില്‍ ഉയര്‍ന്ന ഊഷ്മാവിലുള്ള വൈറസ് താഴ്ന്ന താപനിലയില്‍ വളരുന്ന വൈറസിനേക്കാള്‍ അപകടകാരിയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ആര്‍ജിസിബി ഗവേഷക സംഘത്തില്‍ അയന്‍ മോദക്, സൃഷ്ടി രാജ്കുമാര്‍ മിശ്ര, മാന്‍സി അവസ്തി, ശ്രീജ ശ്രീദേവി, അര്‍ച്ചന ശോഭ, ആര്യ അരവിന്ദ്, കൃതിക കുപ്പുസാമി, ഈശ്വരന്‍ ശ്രീകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
അന്തരീക്ഷ ഊഷ്മാവ് കൂടിയ കാലാവസ്ഥയില്‍ ഇടയ്‌ക്കിടെ പെയ്യുന്ന മഴ കൊതുകിന്റെ വളര്‍ച്ച വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ മാരകമായ ഡെങ്കി വൈറസ് മൂലമുള്ള ഗുരുതര രോഗവും രൂപപ്പെടുത്തുമെന്നും ഗവേഷകര്‍ പറഞ്ഞു. രാജ്യത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമ്പോഴും ഈ വശം ഇതുവരെ പരിശോധിച്ചിട്ടില്ല. ആഗോളതാപനത്തിന്റെ വര്‍ധിച്ചുവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധികളില്‍ അതുണ്ടാക്കുന്ന സ്വാധീനവും ഈ പഠനം തെളിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.