ഈരാറ്റുപേട്ട വട്ടക്കയത്തിന് സമീപം നിർമാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിൽ തമിഴ്നാട് സ്വദേശിയെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മധുര പേരിയൂർ സ്വദേശി മാടസ്വാമി(42) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ പ്രദേശവാസിയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കുള്ള നടയുടെ സമീപമായി മൃതദേഹം കണ്ടത്.
നടയിൽ തലയിടിച്ചതിന്റെ ചോരപാടുകളുമുണ്ട്. ഈരാറ്റുപേട്ടയിൽ വിവിധ ജോലികൾ ചെയ്തിരുന്ന മാടസ്വാമി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താമസിച്ചിരുന്നത്. നിർമാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിന്റെ നടയിൽ കൈവരി ഉണ്ടായിരുന്നില്ല.
മാടസ്വാമി മദ്യലഹരിയിൽ നടകൾ കയറുന്നതിനിടെ താഴെ വീണതാണെന്നാണ് നിഗമനം. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി. മൃതദേഹം പാലാ ഗവണ്മെന്റ് താലൂക് ആശുപത്രിയിലേയ്ക്ക് മാറ്റി.