നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; കോട്ടയത്ത് ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു
കോട്ടയം: എംസി റോഡിൽ കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിയ്ക്കു ദാരുണാന്ത്യം. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫീസർക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.
തമിഴ്നാട് സ്വദേശിയായ സ്വാമി ദ്വാരൈ , ഇദ്ദേഹമാണ് ഈ അപകടത്തിൽ മരണപ്പെട്ടത്
ഇന്ന് രാവിലെ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നുമാണ് കാർ വന്നത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു കാറോടിച്ചിരുന്ന വിഷ്ണു. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയിൽ നിൽക്കുകയായിരുന്നു സ്വാമി ദൊരെ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കടയിൽ ഇടിച്ച ശേഷം കാർ എതിരെ വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. പ്രഭാത സവാരിക്ക് ശേഷം മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോസ്ഥനായിരുന്നു ബൈക്കിൽ. തട്ടുകടയ്ക്കുള്ളിലെ ജീവനക്കാരന് കടയിലെ പാൽ തെറിച്ചു വീണും പൊള്ളലേറ്റു. അപകടത്തെ തുടർന്ന് എം സി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് സ്വാമി ദൊരെയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരിച്ചിരുന്നു. പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.