ഇന്ത്യൻ ടീമിൽ അഴിച്ചുപണി, രണ്ട് സൂപ്പർ താരങ്ങൾ പുറത്തിരിക്കും; സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചേക്കും
ഇന്ത്യൻ ടീമിൽ ഇന്ന് വൻ അഴിച്ചുപണിയുണ്ടാകും. രണ്ട് സൂപ്പർ താരങ്ങൾ പുറത്തിരിക്കും. സഞ്ജുവിന്റെ കാര്യത്തിൽ ലഭിക്കുന്ന സൂചനകൾ ഇങ്ങനെ. ആകാംക്ഷയോടെ ആരാധകർ
ഇന്ത്യയും വെസ്റ്റിൻഡീസും (India vs West Indies) തമ്മിലുള്ള രണ്ടാം ഏകദിന മത്സരം ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ശനിയാഴ്ച നടക്കുകയാണ്. ആദ്യ ഏകദിനത്തിൽ 5 വിക്കറ്റിന് ജയിച്ച ഇന്ത്യ ഏറെ ആത്മവിശ്വസത്തോടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്നും ജയിച്ചാൽ അവസാന കളി ബാക്കി നിൽക്കെ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. അതേ സമയം ഏത് വിധേനയും ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാകും ആതിഥേയരായ വിൻഡീസ് ശ്രമിക്കുക.
ഏകദിന ലോകകപ്പിന് മുന്നോടിയായി പരീക്ഷണങ്ങൾ നടത്താൻ ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ് വെസ്റ്റിൻഡീസിനെതിരായ പരമ്പര. ആദ്യ കളിയിൽ അത്തരത്തിൽ വലിയ പരീക്ഷണം ഇന്ത്യ നടത്തിയിരുന്നു. രണ്ടാം ഏകദിനത്തിലും ഇന്ത്യൻ ടീമിന്റെ ഭാഗത്തുനിന്ന് പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം. പ്ലേയിങ് ഇലവനിലും ഇന്ന് ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചനകൾ. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസൺ (Sanju Samson) അടക്കമുള്ളവർ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചുവന്നേക്കും. ഇന്ത്യ-വിൻഡീസ് രണ്ടാം എകദിനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.
പരീക്ഷണം തുടരും
ആദ്യ ഏകദിനത്തിൽ വലിയ പരീക്ഷണമായിരുന്നു ബാറ്റിങ് ഓർഡറിലടക്കം ഇന്ത്യ നടത്തിയത്. ലോകകപ്പ് ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്ന താരങ്ങളെ ബാറ്റിങ് ഓർഡറിൽ നേരത്തെയിറക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഷർദുൽ താക്കൂർ എന്നിവർക്ക് ബാറ്റിങ് ഓർഡറിൽ പ്രൊമോഷൻ ലഭിച്ചു. രണ്ടാം ഏകദിനത്തിലും ഇത്തരം സർപ്രൈസ് നീക്കങ്ങൾ ഇന്ത്യൻ ടീമിൽ നിന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്ലേയിങ് ഇലവനിലും ഇന്ത്യ പരീക്ഷണങ്ങൾക്ക് തയ്യാറായേക്കും. കഴിഞ്ഞ കളിയിൽ ഇറങ്ങിയ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്.
ബാറ്റിങ് നിര
നായകൻ രോഹിത് ശർമ്മയും, ശുഭ്മാൻ ഗില്ലുമാകും ടീമിന്റെ ഓപ്പണർമാർ. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്. ആദ്യ ഏകദിനത്തിൽ ഏഴാം നമ്പരിലായിരുന്നു രോഹിത് ബാറ്റ് ചെയ്തത്. മൂന്നാം നമ്പരിൽ വിരാട് കോഹ്ലിയുണ്ടാകും. കഴിഞ്ഞ കളിയിൽ ടീമിൽ ഇടം ലഭിച്ചിട്ടും നിരാശപ്പെടുത്തിയ സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസണെ ഇന്ത്യ ഇന്ന് കളിപ്പിച്ചേക്കും. സഞ്ജുവിനെ ആദ്യ കളിയിൽ തഴഞ്ഞത് നേരത്തെ വലിയ വിവാദമായിരുന്നു. വിക്കറ്റ് കീപ്പറായി ഇഷാൻ തന്നെ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ് ഓപ്പൺ ചെയ്ത ഇഷാൻ, അർധ സെഞ്ചുറിയോടെ ടീമിന്റെ ടോപ് സ്കോററായിരുന്നു.
ഓൾറൗണ്ടർമാർ, ബോളർമാർ
ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ എന്നിവർ ടീമിലെ സ്ഥാനം നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ബോളിങ് ഓപ്പൺ ചെയ്തത് ഹാർദിക്കായിരുന്നു, ഒരു വിക്കറ്റ് നേടുകയും ചെയ്തു. ഷർദുൽ താക്കൂറും ഒരു വിക്കറ്റ് നേടിയപ്പോൾ, ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ആദ്യ ഏകദിനത്തിൽ കളിച്ച മുകേഷ് കുമാറിന് പകരം ഓൾ റൗണ്ടർ അക്സർ പട്ടേലിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ കൊണ്ടുവരാനും സാധ്യതയുണ്ട്.
ലോകകപ്പ് ടീമിൽ സ്ഥാനം പിടിക്കാൻ മുകേഷിനേക്കാൾ സാധ്യതകളുള്ളത് അക്സറിനാണെന്നതിനാൽ അദ്ദേഹത്തിന് അവസരം കൊടുക്കുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമാണ്. കഴിഞ്ഞ കളിയിൽ 4 വിക്കറ്റുകളെടുത്ത് തിളങ്ങിയ കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായും, ഉമ്രാൻ മാലിക്ക് സ്പെഷ്യലിസ്റ്റ് പേസറായും ടീമിൽ സ്ഥാനം നിലനിർത്താനാണ് സാധ്യത.
ഇന്ത്യ സാധ്യത പ്ലേയിങ് ഇലവൻ
ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക