എറണാകുളം : ജിപിഎസിന്‍റെയും കാലം കഴിയുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യം തെറ്റിക്കാൻ സ്വന്തം ജിപിഎസ് സംവിധാനത്തിൽ വ്യത്യാസങ്ങൾ വരുത്താൻ പല രാജ്യങ്ങളും പഠിച്ചുകഴിഞ്ഞു. ഒപ്പം, ശത്രുക്കളെ വഴി തെറ്റിക്കാൻ അവരുടെ ജിപിഎസ് ഹാക്ക് ചെയ്യാനും സാധിക്കുമെന്നു വന്നിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് " മാഗ്‌നാവ് "എന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ, ജിപിഎസിന്‍റെ ഉപജ്ഞാതാക്കളായ യുഎസ് തന്നെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് അവകാശവാദം. പരീക്ഷണഘട്ടത്തിലിരിക്കുന്ന സംവിധാനം ഇനിയും രാജ്യത്തിനു പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരം ഉപയോഗിക്കുന്നില്ല എന്നതാണ് ജിപിഎസുമായി ഇതിനുള്ള പ്രധാന വ്യത്യാസം.
വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് കപ്പിത്താൻമാർ കടലിൽ ദിശ നിർണയിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. വിമാനത്തിലെ പൈലറ്റുമാർ ഇതിന്‍റെ ആധുനിക രൂപമായ ജൈറോ-മാഗ്നറ്റിക് കോംപസുകളും ഉപയോഗിച്ചുവന്നു. ജിപിഎസ് അഥവാ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന്‍റെ വരവോടെയാണ് ദിശ നിർണയത്തിൽ വൻ വിപ്ലവമുണ്ടാകുന്നത്. വിമാനം മാത്രമല്ല, വഴിയറിയാത്തിടങ്ങളിലേക്ക് കാറോടിക്കാൻ വരെ ഇന്നു ജിപിഎസ് സർവസാധാരണമായി ഉപയോഗിച്ചു വരുന്നു. സാറ്റലൈറ്റ് അധിഷ്ഠിതമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മിസൈലുകൾ പോലും പിൻ പോയിന്‍റ് കൃത്യതയോടെ പ്രയോഗിക്കുന്നുണ്ട്.
യുഎസിന്റെ GPS കനത്ത ഭീഷണി നേരിട്ട് നിൽക്കുമ്പോഴാണ് പുതിയ സാങ്കേതികവിദ്യയുമായി US തന്നെ രംഗത്ത് വന്നത്.
വേഗം, പ്രവേഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിമാനങ്ങളും ഗൈഡഡ് മിസൈലുകളും മറ്റും നിയന്ത്രിക്കാനാണ് തത്കാലം ഇതുപയോഗിക്കുന്നത്. റോഡിൽ കാറോടിക്കാൻ തത്കാലം നമ്മുടെ പഴയ ജിപിഎസ് തന്നെ ആശ്രയം.
സി-17 വിമാനങ്ങളിൽ യുഎസ് ഇതിനകം തന്നെ മാഗ്‌നാവ് സാങ്കേതികവിദ്യ ഉപയോഗിച്ചുകഴിഞ്ഞു. ജിപിഎസ് സിഗ്‌നൽ നഷ്ടപ്പെട്ടിട്ടും കൃത്യമായി ലക്ഷ്യത്തിലെത്താൻ സാധിച്ചതായി വൈമാനികർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഇനി അന്തർവാഹിനികളിലും ഡ്രോണുകളിലും ഹൈപ്പർസോണിക് (ശബ്ദത്തെക്കാൾ വേഗമുള്ള) വാഹനങ്ങളിലും മറ്റും ഇതു പരീക്ഷിക്കും.