ബ്രയാന്‍ ലാറയെ മറികടന്നു, ബ്രാഡ്‌മാന് ഒപ്പമെത്തി; സ്മിത്തിനും റൂട്ടിനുംമേല്‍ ലീഡുയര്‍ത്തി വിരാട് കോലി
ഇന്നലെ വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയതോടെ ടെസ്റ്റില്‍ നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ ബ്രയാന്‍ ലാറയെയും കോലി പിന്നിലാക്കി. നാലാം നമ്പറില്‍ കോലിയുടെ 25-ാം സെഞ്ചുറിയാണിത്.
പോര്‍ട്ട് ഓഫ് സ്പെയിന്‍: അഞ്ച് വര്‍ഷത്തിനുശേഷം വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ചുറിയിലൂടെ വിരാട് കോലി സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ തന്നെ വിരാട് കോലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. അഞ്ഞൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ കോലി ആദ്യ ദിനം 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോഴെ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ കോലിയുടെ സെഞ്ചുറിയായിരുന്നു.
രണ്ടാം ദിനം ഷാനോണ്‍ ഗബ്രിയേലിനെ പോയന്‍റ് ബൗണ്ടറി കടത്തി കോലി 29-ാം സെഞ്ചൂറി പൂര്‍ത്തിയാക്കിയപ്പോള്‍ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ഒപ്പമെത്തി കോലി. ബ്രാഡ‍്മാന്‍ 52 ടെസ്റ്റുകളില്‍ നിന്നാണ് 29 സെഞ്ചുറികള്‍ നേടിയെങ്കില്‍ കോലിയുടെ നേട്ടം 111 ടെസ്റ്റുകളില്‍ നിന്നാണ്.
ഇന്നലെ വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയതോടെ ടെസ്റ്റില്‍ നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ ബ്രയാന്‍ ലാറയെയും കോലി പിന്നിലാക്കി. നാലാം നമ്പറില്‍ കോലിയുടെ 25-ാം സെഞ്ചുറിയാണിത്. കരിയറില്‍ 34 സെഞ്ചുറികള്‍ നേടിയിട്ടുള്ള ലാറ നാലാം നമ്പറിലിറങ്ങി 24 സെഞ്ചുറികളാണ് അടിച്ചത്.
2013ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷമാണ് കോലി ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്ററായത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള ബാറ്ററും. 44 സെഞ്ചുറികളാണ് നാലാം നമ്പറില്‍ സച്ചിന്‍ അടിച്ചെടുത്തത്. ജാക്വിസ് കാലിസ്(35), മഹേല ജയവര്‍ധനെ(30) എന്നിവരാണ് ഇനി കോലിക്ക് മുന്നിലുള്ളത്.
സമകാലീന താരങ്ങളില്‍ നാലാം നമ്പറില്‍ 19 സെഞ്ചുറികളുള്ള ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമാണ് കോലിക്ക് അടുത്തുള്ള ബാറ്റര്‍മാര്‍. കെയ്ന്‍ വില്യംസണ് 28 സെഞ്ചുറികളുണ്ടെങ്കിലും മൂന്നാം നമ്പറിലാണ് വില്യംസണ്‍ ബാറ്റ് ചെയ്യുന്നത്.
രാജ്യാന്തര കരിയറിലെ 76-ാം സെഞ്ചുറി കുറിച്ച കോലി അതിവേഗം ഈ നേട്ടത്തിലെത്തുന്ന ബാറ്ററുമായി. മൂന്ന് ഫോര്‍മാറ്റിലുമായി വിദേശത്ത് കോലി നേടുന്ന 28ാം സെഞ്ചുറിയാണിത്. കരിയറില്‍ 100 സെഞ്ചുറികളില്‍ 29 സെഞ്ചുറികള്‍ വിദേശത്ത് നേടിയിട്ടുള്ള സച്ചിന്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. കരിയറിലെ അഞ്ഞൂറാം മത്സരത്തില്‍ സെഞ്ചുറി അടിച്ചതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററുമായിരുന്നു കോലി.