Tuesday, 18 July 2023

ജനകീയ യാത്രയുടെ അമരക്കാരൻ ഇനി ഓർമ്മകളിൽ..... മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

SHARE
                                        https://www.youtube.com/@keralahotelnews


തിരുവനന്തപുരം  : ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
ഏറ്റവും കൂടുതൽ ദിവസം നിയമസഭ  സാമാജികനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023). 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.

ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.

ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്
SHARE

Author: verified_user