വയനാട് : ജില്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് കെ.എച്ച്. ആർ എ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജൂലായ് അഞ്ചിന് പടിഞ്ഞാറത്തറയിലാണ് പരിപാടി. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന സന്ദേശം ഉയർത്തി ക്യാമ്പയിനുകൾ സംഘടിപ്പിക്കും .
കൂടാതെ ഹോട്ടലുകൾ പരിശോധിച്ചു വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് അസോസിയേഷൻ തന്നെ ഒരു സ്‌ക്വാഡിന് രൂപം നൽകാൻ തീരുമാനമായി.
ടൂറിസം ജില്ലയായ വയനാട് ജില്ലയിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ച് ഹോട്ടൽ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം, കൂടാതെ ഇതിന്റെ മറവിൽ ഹോട്ടലുകൾക്ക് നേരെ നടക്കുന്ന അക്രമണങ്ങൾ വെച്ചു പൊറുപ്പിക്കാൻ ആകില്ല ലൈസൻസും രേഖകളും ഇല്ലാതെ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം ഹോട്ടൽ അസോസിയേഷൻ പൂർണ്ണ പിന്തുണ നൽകും.
ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്തി നിസ്സാരമായ കുറ്റങ്ങൾ കണ്ടെത്തി വൻ തുക പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഹോട്ടലുകളിൽ ഭക്ഷണത്തിൻ്റെ ഗുണ നിലവാരം പരിശോധിക്കാനും പ്രശ്നങ്ങൾ കണ്ടെത്താനും സംഘടനയുടെ അംഗങ്ങൾ ചേർന്ന് സ്ക്വാഡ് രൂപീകരിച്ചതായും ഇവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് വിജു മന്ന, ജില്ലാ സെക്രട്ടറി യു സുബൈർ, ജില്ലാ ട്രഷറർ അബ്ദുറഹ്മാൻ പ്രാണിയത്ത്, ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് മുനീബ് ചുണ്ട, റജി വൈത്തിരി എന്നിവർ പങ്കെടുത്തു.
9895854685