തിരുവനന്തപുരം : മാലിന്യത്തിന്റെ തോത് കുറയ്ക്കുന്ന ബദൽ വാണിജ്യ മാർഗങ്ങളുടെ സാധ്യതകൾ തേടണമെന്നും മാലിന്യമുക്ത കാമ്പയിനിൽ സാമൂഹിക സംഘടനകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സജീവ ഇടപെടൽ ആവശ്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ വിജയിപ്പിക്കാനായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വനിത, യുവജനം, സിനിമ, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ സംഘടനകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ കാമ്പയിന് പിന്തുണ വാഗ്ദാനം ചെയ്തു. വ്യാപാരികൾക്കും സംരംഭകർക്കും അവരുടെ സ്ഥാപനങ്ങളിൽ ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കാമ്പയിന് പിന്തുണ നൽകാനാകുമെന്നും മാലിന്യം കുറയ്ക്കുന്ന ബദൽ ഉത്പന്നങ്ങളുടെ സാധ്യതകൾ തേടണമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഒഴിവാക്കി ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ആശയങ്ങളും ബിസിനസ് മോഡലുകളും ആവശ്യമാണ്. ഇതിൽ സംരംഭകർക്ക് നിർണായക പങ്കു വഹിക്കാനാകും. ആഘോഷങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് കർശനമാക്കണം. വരാനിരിക്കുന്ന ഓണാഘോഷം മാലിന്യമുക്തമാക്കാൻ ശ്രദ്ധിക്കണം. മികച്ച രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പാരിതോഷികം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള രണ്ടാം ഘട്ട കാമ്പയിൻ നിർണായകമാണെന്നും മാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഊന്നൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷനുകളിൽ ഖരമാലിന്യ സംസ്കരണത്തിനായി ലോകബാങ്ക് സഹായത്തോടെ 2,400 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികൾക്കായി മൊത്തം 2,290 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കാനുള്ള ആശയങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
കാമ്പയിനിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ഇതിൽ ബോധവൽക്കരണവും പങ്കാളിത്തവും ശക്തമായ നിർവ്വഹണവും പ്രധാനമാണ്. ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്കരണം, മാലിന്യം 100 ശതമാനം വേർതിരിക്കൽ, അജൈവമാലിന്യങ്ങളുടെ 100 ശതമാനം വാതിൽപ്പടി ശേഖരണം എന്നിവയിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാമ്പയിനിൻറെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ഏകദേശം 13,106 പരിശോധനകൾ നടത്തുകയും 4,486 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. നിയമലംഘകർക്ക് 1,60,44,550 രൂപ പിഴ ചുമത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണ നിയമങ്ങൾ കർശനമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാമ്പയിനിന്റെ ഭാഗമായി ഏൽപ്പിക്കപ്പെട്ട ചുമതലകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ചൂണ്ടിക്കാട്ടി. മുപ്പതോളം വകുപ്പുകൾക്ക് കാമ്പയിനിലെ പങ്കിനെക്കുറിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതിൻറെ പുരോഗതി ഉടൻ വിശകലനം ചെയ്യുമെന്നും അവർ പറഞ്ഞു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്കരൻ, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി കെ സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു. മാലിന്യമുക്ത സന്ദേശം പ്രചരിപ്പിക്കുന്നതിനായി സിനിമാ താരങ്ങളെ ഉൾപ്പെടുത്തി ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും നിർമ്മിക്കാമെന്ന് സംവാദത്തിൽ പങ്കെടുത്ത കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ജി സുരേഷ് കുമാർ പറഞ്ഞു.
പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് പ്രധാനമാണെന്നും വീകേന്ദ്രീകൃത പ്ലാസ്റ്റിക്ക് സംസ്കരണമാണ് ആവശ്യമെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് അസോസിയേഷൻ പ്രതിനിധി അനീഷ് അഭിപ്രായപ്പെട്ടു. യാത്രയ്ക്കിടെ മാലിന്യങ്ങളും കുപ്പികളും വലിച്ചെറിയുന്നത് തടയുമെന്നും യാത്രക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്യുമെന്നും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഭാരവാഹി ബാഹുലേയൻ പറഞ്ഞു. മൂന്ന് സെഷനുകളിലായി നടന്ന യോഗത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ, വനിത-യുവജന സംഘടനകൾ, മാധ്യമങ്ങൾ, കല, ലൈബ്രറി കൗൺസിൽ, ശാസ്ത്രം എന്നിവയുടെ പ്രതിനിധികളും നേതാക്കളും പങ്കെടുത്തു.
തദ്ദേശ വകുപ്പ് നടത്തിവരുന്ന മാലിന്യമുക്ത കാമ്പയിനിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് യോഗങ്ങൾ നടത്തിയത്. 2024 മാർച്ചോടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂർണ ശുചിത്വ പദവിയിൽ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള കാമ്പയിൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ക്യാമ്പയിൻ ഭാഗമായി സംസ്ഥാന സ്ഥലത്ത് നടക്കുന്ന യോഗത്തത്തിൽ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ട്രഷർ അബ്ദുൽ റസാക്ക്, മറ്റ് പ്രതിനിധികളും പങ്കെടുത്ത് സർക്കാരിന്റെ പദ്ധതിയുമായി പരിപൂർണ്ണമായി സഹകരിക്കാൻ അസോസിയേഷൻ തീരുമാനിച്ചു.
അതുപോലെതന്നെ പദ്ധതിക്ക് വേണ്ടി ആവശ്യമാണെങ്കിൽ പദ്ധതി നടപ്പാക്കാൻ സ്ഥലം സൗകര്യങ്ങൾ ഉള്ള സ്ഥലം നൽകാൻ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തയ്യാർ ആണെന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇതുമൂലം ഭക്ഷ്യയുൽപാദന വിതരണ മേഖലയ്ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കൂടി മനസ്സിലാക്കി പരിഹരിക്കണം എന്നും ചെറുകിട ഹോട്ടലുകൾക്ക് പൊതു സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വേണം നടപ്പിൽ വരുത്തേണ്ടതെന്നുംം അസോസിയേഷൻ ഇന്നലെ നടന്ന ക്യാമ്പിൽ ആവശ്യപ്പെട്ടു.
ഇതോടൊപ്പം തന്നെ പന്നിഫാമകളുടെ ലൈസൻസുകളെ സംബന്ധിച്ചു അർഹരായ ഫാം ഉടമകൾക്ക് ലൈസൻസ് നൽകണമെന്നും അവരെക്കൊണ്ട് ഫുഡ് വേസ്റ്റുകൾ എടുക്കേണ്ട നടപടിക്രമങ്ങളും നടത്തി തരണമെന്നും യോഗത്തിൽ അധികാരികളെ ധരിപ്പിച്ചു.