മെക്സിക്കോ സിറ്റി: മെക്സിക്കോ ഉള്‍ക്കടലിന്റെ തെക്കേ അറ്റത്ത് മെക്സിക്കന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ പെമെക്സ് നടത്തുന്ന ഉള്‍ക്കടല്‍ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പെട്രോളിയവും പ്രകൃതിവാതകവും വേര്‍തിരിച്ചെടുക്കാനും സംസ്‌കരിക്കാനും സൗകര്യങ്ങളുള്ള ഓയില്‍ പ്‌ളാറ്റ്‌ഫോമിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കമ്പനിയുടെ കാന്ററെല്‍ ഫീല്‍ഡിലാണ് പ്‌ളാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്, ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. നൊഹോച്ച്-എ പ്‌ളാറ്റ്‌ഫോമില്‍ ആരംഭിച്ച തീപിടിത്തം പിന്നീട് കംപ്രഷന്‍ പ്‌ളാറ്റ്ഫോമിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി പെമെക്സ് പറഞ്ഞു.
തീപിടിത്തം എണ്ണ ഉല്‍പാദനത്തെ കാര്യമായ രീതിയില്‍ ബാധിച്ചതായി കമ്പനി അറിയിച്ചു. ഔട്ട്പുട്ടിലെ ആഘാതത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പെമെക്സ് പറഞ്ഞിട്ടില്ല. പൈപ്പ് ലൈനുകളും ഇന്റര്‍കണക്ഷനുകളും പുനഃസ്ഥാപിക്കുന്നതിനും ,മറ്റ് സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനുമുള്ള കാര്യങ്ങള്‍ സാങ്കേതിക വിദഗ്ധര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, കമ്പനി ട്വീറ്റ് ചെയ്തു.