Tuesday, 27 June 2023

മുന്നറിയിപ്പുമായി എം. വി.ഡി.

SHARE
                             
                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

എറണാകുളം : സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പന ഇന്ന് വലിയൊരു വിപണിയായി വളർന്നുകഴിഞ്ഞു. ആളുകൾ മുഖേനയും യൂസ്ഡ് വാഹനങ്ങളുടെ ഡീലർഷിപ്പുകളിലൂടെയും ദിവസേന നിരവധി വാഹനങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാൽ, തീർത്തും പരിചയമില്ലാത്ത ഒരാൾക്ക് വാഹനം കൈമാറുന്നതിന് മുമ്പ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിവേണം നൽകാനെന്നാണ് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം മറ്റൊരാൾക്ക് കൈമാറിയിട്ടുള്ളതെങ്കിൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മന:സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നീളുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനം അപകടത്തിൽ പെട്ടാലുള്ള നൂലാമാലകൾ, മറ്റ് നിയമ ലംഘനങ്ങളിൽ ഏർപ്പെട്ടാൽ ഉണ്ടായേക്കാവുന്ന നടപടികൾ എന്നിവയെല്ലാം ഉടമസ്ഥാവകാശം മാറ്റയില്ലെങ്കിൽ ആദ്യ ഉടമയെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.
ഒരു വാഹനം മറ്റൊരാൾക്ക് വിറ്റാൽ അതിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്നതാണ് ആദ്യമറിയേണ്ടത്. വാഹനം വിൽക്കുന്ന ആളിന്റെ, അല്ലെങ്കിൽ നിലവിലെ ഉടമസ്ഥന്റെ ഉത്തരവാദിത്വമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് വാഹനം മാറ്റി നൽകേണ്ടത്. ഇതിനായി നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ് നിലകൊള്ളുന്ന ആർ.ടി.ഓഫീസിലോ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമർപ്പിച്ചാൽ ഉടമസ്ഥാവകാശം മാറ്റാൻ കഴിയും.

ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് പേപ്പറുകളും ഓൺലൈനിൽ അപ് ലോഡ് ചെയ്ത്, വിൽക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. എന്റർ ചെയ്ത അപേക്ഷ തയാറാക്കി നിലവിലുള്ള ഓഫീസിൽ തന്നെ അപേക്ഷ നൽകിയാൽ മതിയാകും. പേര് മാറിയതിന് ശേഷം ആർ.സി. ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ ഉടമസ്ഥന് ആർ.ടി.ഓഫീസിൽ നിന്ന് അയച്ചുനൽകും.
ആധാർ അധിഷ്ഠിത ഫെയ്സ് ലെസ് സേവനമായിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ നിലവിലുള്ള ഒറിജിനൽ രേഖകൾ ആർ.ടി. ഓഫീസിൽ ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതും ഇപ്പോൾ സാധ്യമാണ്. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വാഹനങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ വിൽക്കുന്നയാൾ സ്വന്തം പേരിൽ നിന്ന് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം മാത്രമേ വാഹനം മറ്റൊരാൾക്ക് വിൽക്കാൻ പാടുള്ളൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ്.
SHARE

Author: verified_user