യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല
തിരുവനന്തപുരം∙ സംസ്ഥാനത്തു കാണാതാകുന്ന കുട്ടികളുടെ കേസുകളുടെ എണ്ണം വർധിക്കുന്നു. ഇതുവരെ കണ്ടു കിട്ടാത്തവരുടെ കണക്ക് പുറത്ത്. ഉറ്റ ബന്ധുക്കളും പോലീസും കുഴയുന്നു . കഴിഞ്ഞ 5 വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പൊലീസിനു കണ്ടെത്താൻ കഴിയാത്തത്.
ഇതിൽ 6 കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു കേസ് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പൊലീസ് റിപ്പോർട്ട് നൽകി.
പ്രതിപക്ഷത്തിനും മാധ്യമ പ്രവർത്തകർക്കും പിന്നാലെ പായുന്ന കേരള പൊലീസിന് ഇതൊന്നും കണ്ടെത്താൻ സമയമില്ലെന്നതാണ് ഇതു തെളിയിക്കുന്നത്. പ്രത്യേകിച്ചും ക്രമസമാധാന പരിപാലനം മികച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൈകളിലിരിക്കുമ്പോൾ. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ അതോ മറ്റു വല്ല കടത്തുകാരോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല.
കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്; 18 പെൺകുട്ടികളും. 2018 മുതൽ 2023 മാർച്ച് 9 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷമാണു കൂടുതൽ കുട്ടികൾ അപ്രത്യക്ഷരായത്–28. മലപ്പുറത്താണു കൂടുതൽ കുട്ടികളെ കാണാതായത്–10. മടങ്ങിപ്പോയതായി കരുതുന്ന ഇതര സംസ്ഥാന കുട്ടികളുടെ വാസസ്ഥലം കണ്ടെത്താൻ കഴിയാത്തതിനാലാണ് 6 കേസുകളുടെ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നു മഞ്ഞളാംകുഴി അലിയുടെ നിയമസഭാ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്.
ഭിക്ഷാടന മാഫിയ, അന്യസംസ്ഥാന നാടോടി സംഘങ്ങൾ, മനുഷ്യക്കടത്തു സംഘങ്ങൾ എന്നിവ തട്ടിക്കൊണ്ടുപോയ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള കേസുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക സെൽ എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതേ ഉദ്യോഗസ്ഥരാണു ജില്ലകളിലെ മറ്റുപല പ്രത്യേക സെല്ലിന്റെയും നോഡൽ ഓഫിസർമാർ.
അതിനാൽ അവർക്കൊന്നും ഇത് അന്വേഷിക്കാൻ സമയം ലഭിക്കാറില്ല.ഇതിനു പുറമേ, സ്ത്രീകളെയും കുട്ടികളെയും കടത്തിക്കൊണ്ടു പോകുന്നതു തടയാൻ എല്ലാ ജില്ലകളിലും പ്രത്യേക യൂണിറ്റുകൾ പ്രവർത്തിക്കുന്നതായും പൊലീസ് പറയുന്നു. സ്വന്തം ഇഷ്ടപ്രകാരം വീടു വിട്ടു പോയി പിന്നീടു മടങ്ങി വരുന്ന കേസുകൾ ആയിരക്കണക്കിനാണു വർഷം തോറും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ഇന്നേവരെ തിരിച്ചുവരാത്ത കുട്ടികളുടെ കണക്കും അവരുടെ മാതാപിതാക്കളുടെ കണ്ണീരുമാണ്.