തിരുവനന്തപുരം മൺസൂണിൽ അറബ് രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വൻ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്.
ജൂലൈ, ആഗസ്‌ത് മാസങ്ങളിലാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. അറബ് രാജ്യങ്ങളിൽ പ്രചാരണം നടത്താൻ ഏഴു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ദുബായ്, ദോഹ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലും അറബ് റേഡിയോകളിലൂടെയും ദൃശ്യമാധ്യമങ്ങൾ വഴിയും കേരളത്തിലെ മൺസൂൺ ടൂറിസത്തെക്കുറിച്ച് പ്രചാരണം നടത്തും.
ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടാണ്. ഈ സമയത്താണ് മികച്ച കാലാവസ്ഥയുള്ള കേരളമുൾപ്പെടെയുള്ള ഡെസ്റ്റിനേഷനുകൾ അവധിക്കാലം ചെലവിടാൻ അറബ് സഞ്ചാരികൾ തെരഞ്ഞെടുക്കുന്നത്.
ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ മഴക്കാലവും തണുത്ത അന്തരീക്ഷവുമാണെന്നത് കേരളത്തിന് അനുകൂലമാണ്. ആയുർവേദ ചികിത്സ, വെൽനെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ്. ഈ അനുകൂല അന്തരീക്ഷവും കേരളത്തിന്റെ പ്രകൃതിഭംഗിയും ആസ്വദിക്കാനാണ് ഗൾഫ് സഞ്ചാരികൾ എത്താറുള്ളത്.
മേയിൽ അറേബ്യൻ ട്രാവൽ മാർട്ടിൽ (എടിഎം ദുബായ്) പങ്കെടുത്ത കേരള ടൂറിസം റിയാദ്, ദമാം, മസ്കത്ത് എന്നിവിടങ്ങളിൽ റോഡ് ഷോയും സംഘടിപ്പിച്ചു. വലിയ സംഘങ്ങളായി എത്താറുള്ള അറബ് സഞ്ചാരികൾ നിശ്ചിത ഡെസ്റ്റിനേഷനുകളിൽ ദിവസങ്ങളോളം ചെലവിടാറാണ് പതിവ്.
സഞ്ചാരികളുടെ ഈ അഭിരുചി കണക്കിലെടുത്തുള്ള ആകർഷകമായ പാക്കേജുകൾ ഒരുക്കും. 2019ൽ മിഡിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഒന്നര ലക്ഷത്തോളം സഞ്ചാരികൾ കേരളത്തിൽ എത്തി. കോവിഡിനുശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവിൽ റെക്കോഡ് നേട്ടം കൈവരിച്ച കേരളം ഇനി ലക്ഷ്യമിടുന്നത് സംസ്ഥാനത്തേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനാണെന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.