കൊച്ചി: കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് മിൽമ.
നീക്കവുമായി കർണാടക മിൽക്ക് ഫെഡറേഷൻ മുന്നോട്ടുപോയാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പുറമേ, കർണാടകയിലെ കർഷകരിൽ നിന്ന് പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.
കേരളത്തിലെ വിൽപന വിലയെക്കാൾ കൂടുതൽ വില നൽകിയാണ് മിൽമ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളിൽ നിന്നു പാൽ വാങ്ങി കേരളത്തിലെ പാൽ ലഭ്യത ഉറപ്പാക്കുന്നത്.
സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉൾക്കൊള്ളുന്നതിനാൽ അവിടങ്ങളിലെ കർഷകരിൽ നിന്നു നേരിട്ടു പാൽ സംഭരിക്കാൻ മിൽമ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
കേരളത്തിൽ മഞ്ചേരിയിലും എറണാകുളത്തുമാണ് നിലവിൽ നന്ദിനി ഔട്ട്ലെറ്റുകൾ തുടങ്ങിയത്. 15,000 ലിറ്റർ പാൽ വിൽക്കാനാണ് നീക്കം. കേരളത്തിൽ രണ്ടു മുതൽ മൂന്നു വരെ രൂപ വിലകുറച്ചു കൊടുക്കുകയാണ് ലക്ഷ്യം. കർണാടക സർക്കാർ ഒരു വർഷം 1400 കോടി രൂപ വരെ കെഎംഎഫിന് സബ്സിഡി കൊടുക്കുന്നുണ്ട്.