പുക പരിശോധനാ കേന്ദ്ര ഉടമകൾക്കുവേണ്ടി കേന്ദ്രചട്ടം മറികടന്ന് സർക്കാർ ഉത്തരവുകൾ. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷൻ) ആറുമാസമായി ഉയർത്തിയതും മന്ത്രി ആന്റണി രാജു ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശ മറികടന്നെന്ന് രേഖകൾ.
ഗതാഗതസെക്രട്ടറി ബിജുപ്രഭാകറിന്റെയും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തിന്റെയും ശുപാർശകൾ മറികടന്നാണ് പുകപരിശോധനാകേന്ദ്രങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനം മന്ത്രിയെടുത്തത്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകപരിശോധനാ നിരക്ക് ഉയർത്തുന്നതിനെ അനുകൂലിച്ചെങ്കിലും കാലാവധി കുറയ്ക്കുന്നത് കേന്ദ്രചട്ടത്തിന് വിരുദ്ധമാണെന്ന റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ നൽകിയത്.
1989-ലെ കേന്ദ്രമോട്ടോർവാഹനചട്ടം 115(7) മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും റിപ്പോർട്ടിലുണ്ട്. പുകപരിശോധാകേന്ദ്ര ഉടമകളുടെ സംഘടന നൽകിയ നിവേദനത്തിലാണ് മന്ത്രിയുടെ തീരുമാനം. ബി.എസ് 4-ൽപ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങൾ ഇനിമുതൽ വർഷത്തിൽ രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണം. 80 രൂപയ്ക്ക് ഒരുവർഷത്തെ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടിയിരുന്നിടത്ത് രണ്ടുതവണയായി 160 രൂപ നൽകേണ്ടിവരും. നാലുകോടി രൂപയുടെ വരുമാനനേട്ടം ഇതുവഴി പുകപരിശോധനാകേന്ദ്രങ്ങൾക്കുണ്ടാകും.
ഓഗസ്റ്റിലാണ് പുകപരിശോധനനിരക്കുകൾ ഉയർത്തിയത്. തന്റെ ശുപാർശയ്ക്ക് എതിരാണെങ്കിലും മന്ത്രിയുടെ നിർദേശപ്രകാരം ഗതാഗത സെക്രട്ടറി ഉത്തരവ് ഇറക്കുകയായിരുന്നുവെന്ന് ഫയൽനോട്ടിൽ വ്യക്തമാണ്. വാഹനങ്ങൾ പരിശോധിക്കുന്ന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷൻ) ഇതുവരെ നാലുമാസത്തിലൊരിക്കലായിരുന്നു. ഇത് ആറുമാസമായി ഉയർത്തണമെന്ന സംഘടനകളുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.
ഇത് കേന്ദ്രനിയമത്തിന് എതിരാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ഫലം ലഭിക്കണമെങ്കിൽ നാലുമാസം കൂടുമ്പോൾ യന്ത്രങ്ങളുടെ പ്രവർത്തനം വിലയിരുത്തേണ്ടതുണ്ടെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ.) ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കത്ത് നൽകിയിരുന്നു. യന്ത്രങ്ങൾ നിർമിക്കുന്ന കമ്പനികളുടെ മാനദണ്ഡ പ്രകാരം വർഷം മൂന്നുപ്രാവശ്യമെങ്കിലും പരിശോധന നടത്തേണ്ടതുണ്ട്.
എന്താണ് ബിഎസ്-IV, ബിഎസ്-VI ഇന്ധന തരവും മലിനീകരണ നിയമങ്ങളും? കൂടുതൽ അറിയാം
എന്താണ് ഭാരത് സ്റ്റേജ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ?
മോട്ടോർ വാഹങ്ങൾ പുറന്തള്ളുന്ന പുക വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണ തോത് കുറക്കുക എന്നതാണ് കൃത്യമായ ഇടവേളകളിൽ നിലവിൽ വരുന്ന ഭാരത് സ്റ്റേജ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ വഴി ഉദ്ദേശിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് പുതിയ മാനദണ്ഡങ്ങളും അത് നടപ്പിലാക്കുന്ന സമയത്തെപ്പറ്റിയുള്ള തീരുമാനങ്ങളും എടുക്കുക. വാഹനത്തിന്റെ എൻജിൻ ക്ഷമത മുതൽ അതിൽ ഉപയോഗിക്കേണ്ട ഇന്ധനത്തിന്റെ ഗുണം വരെ ഈ മാനദണ്ഡങ്ങൾ വഴി നിശ്ചയിക്കേപ്പെടും. യൂറോപ്യൻ രാജ്യങ്ങളിലുള്ള Euro നിയമങ്ങൾക്കു സമാനമായി 2000-ലാണ് ഇന്ത്യയിൽ ബിഎസ്1 നിലവിൽ വന്നത്. 2010-ൽ ബിഎസ്3, 2017-ൽ ബിഎസ്4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു. നിലവിൽ ബിഎസ്4 മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്.
ബിഎസ്5 എപ്പോൾ മുതൽ?
ബിഎസ്4-ൽ നിന്ന് ബിഎസ്5-ലേക്കാണ് സ്വാഭാവികമായി മാറേണ്ടതെങ്കിലും അതൊഴിവാക്കി ഒരു പടി കൂടെ ചാടിക്കടന്നു ബിഎസ്6-ലേക്കെത്തും അടുത്ത വർഷം മുതൽ ഇന്ത്യയിലെ വാഹന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ. എന്തുകൊണ്ട് ബിഎസ്5 ഒഴിവാക്കിയെന്നത് സ്വാഭാവിക ചോദ്യം?
കുറച്ചു വർഷങ്ങൾക്കു മുൻപാണ് ലോകത്തെ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ 10 ഇന്ത്യൻ നഗരങ്ങൾ ഇടംപിടിച്ചെന്ന തീരെ അഭിമാനനർഹമല്ലാത്ത വാർത്ത പുറത്തുവന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ മലിനീകരണ തോത് ആശങ്കാജനമാകും വിധം കൂടുതലാണെന്നുള്ള റിപോർട്ടുകൾ കൂടി വന്നപ്പോൾ, കേന്ദ്ര സർക്കാർ വിപ്ലവകരമായ ചില തീരുമാനങ്ങളെടുത്തു. അത്തരത്തിലൊന്നാണ് ബിഎസ്5 ഒഴിവാക്കി അതിനേക്കാൾ കർശനമായ ബിഎസ്6 മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തുകയെന്നത്.
ബിഎസ്6 നിലവിൽ വന്നാൽ?
ഡീസൽ വാഹനങ്ങളുടെ എൻജിൻ പുറന്തള്ളുന്ന ഹാനികരമായ NOx (നൈട്രജൻ ഓക്‌സൈഡ്സ്) 68 ശതമാനത്തോളം കുറക്കണം എന്നതാണ് പ്രധാന നിർദേശം. ഇത് പെട്രോൾ എൻജിൻ വാഹനമാണെങ്കിൽ 25 ശതമാനം കുറക്കണം. ക്യാൻസറിന് കാരണമാകുന്ന, ഡീസൽ എൻജിനുകൾ പുറന്തള്ളുന്ന പിഎം (particulate matter) 80 ശതമാനം കുറക്കണം എന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ.
പലതരത്തിലുള്ള സാങ്കേതിക കൂട്ടിച്ചേർക്കലുകളും ബിഎസ്6 അനുശാസിക്കുന്നു. അതിൽ പ്രധാനമാണ് ഓബിഡി (On-board diagnostics). എല്ലാ വാഹനങ്ങളിലും നിർബന്ധമായും ഘടിപ്പിക്കേണ്ട ഓബിഡി വഴി, ഇപ്പോഴുള്ള 6 മാസത്തിൽ ഒരിക്കലുള്ള പുക ടെസ്റ്റിന് പകരം, ഓരോ വാഹനവും അതാതു സമയത്തു പുറംതള്ളുന്ന മലിനീകരണ തോത് കൃത്യമായി മനസിലാക്കാം.
മറ്റൊരു ശ്രദ്ധേയമായ വസ്തുത, ബിഎസ്6 നിലവിൽ വരുന്നതോടെ ഡീസൽ എൻജിനുകൾകുള്ള കൂടുതൽ മലിനീകരണം ഉണ്ടാകുന്നവ എന്ന ചീത്തപ്പേര് മാറിക്കിട്ടും. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ അനുവദനീയമായ മലിനീകരണ നിരക്കിന്റെ കാര്യത്തിൽ ബിഎസ്6-ൽ കാര്യമായ വ്യത്യാസങ്ങളില്ല.
ഇന്ധന ഗുണമേന്മയിലും മാറ്റം
ആധുനിക എഞ്ചിനുകൾക്കും സാങ്കേതികവിദ്യകൾക്കുമൊപ്പം നിലവാരം കൂടിയ ഇന്ധനവും ബിഎസ്6 വ്യവസ്ഥകൾ നിർദേശിക്കുന്നു. ബിഎസ്4 ഗ്രേഡിലുള്ള ഇന്ധനങ്ങളിൽ 50mg/kg സൾഫർ അടങ്ങിയിട്ടുള്ളപ്പോൾ, ബിഎസ്6 നിലവിൽ വരുമ്പോഴിത് 10mg/kg ആയി കുറക്കണം. സൾഫറിന്റെ അംശം ഇന്ധനത്തിൽ കുറയുമ്പോൾ വാഹനങ്ങളിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന NOx, കാർബൺ ഡിയോക്‌സൈഡ് കുറയും. ആദ്യപടിയായി ഡൽഹിയിലും ആഗ്രയിലും ഇപ്പോൾ തന്നെ ബിഎസ്6 ഗ്രേഡിലുള്ള ഇന്ധനം ലഭ്യമാണ്. അടുത്ത വർഷം മാർച്ചാവസാനത്തോടെ രാജ്യത്തുടനീളം ഉയർന്ന ഗ്രേഡിലുള്ള ഇന്ധനം ലഭ്യമാക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് പൊതുമേഖലാ ഓയിൽ, ഗ്യാസ് കമ്പനികൾ.
ഇപ്പോഴുള്ള ബിഎസ്4 വാഹനങ്ങളുടെ ഭാവി?
ഇപ്പോഴുള്ള ബിഎസ്സ്4 വാഹനങ്ങൾ കാലാവധി തീരുന്നതുവരെ (15 വർഷം) യാതൊരു തടസ്സവുമില്ലാതെ ഉപയോഗിക്കാം. അടുത്ത വർഷം മാർച്ച് 31 വരെ രജിസ്റ്റർ ചെയുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണെന്ന് കേന്ദ്രസർക്കാർ ഓഗസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 2030-കൂടെ പൂർണമായും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാനുള്ള നീക്കത്തിന്റെ ഭാഗമായി നിലവിലുള്ള വാഹനങ്ങളുടെ കാലാവധി വെട്ടിച്ചുരുകുമോ എന്നതിനെപ്പറ്റി ചില സംശയങ്ങൾ നിലനിന്നിരുന്നു.