തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളി വില (Tomato Price) കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ വില ഇരട്ടിയായി. ഒരു മാസം മുമ്പ് കിലോയ്ക്ക് 45 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 110 - 107 രൂപയാണ് വില.
കേരളത്തിൽ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും അയൽ സംസ്ഥാനങ്ങളിൽ മഴയിലുണ്ടായ കൃഷിനാശവും കാരണമാണ് തക്കാളി വില വർദ്ധിക്കാൻ കാരണം എന്ന് പറയുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം തക്കാളി ഉൽപാദിപ്പിക്കുന്നത് പാലക്കാട്ടെ കിഴക്കൻ പഞ്ചായത്തുകളായ വടകരപ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ മേഖലകളിലാണ്. 400 ഏക്കറിലധികമാണ് ഇവിടെ തക്കാളി കൃഷി നടക്കുന്നത്. എന്നാൽ ഇപ്പോൾ സീസൺ അല്ലാത്തതിനാൽ കൃഷി ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ മാത്രമാണ് ഇവിടെ തക്കാളി കൃഷി തുടങ്ങുന്നത്.
നിലവിൽ തമിഴ്നാട്, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തക്കാളി വരുന്നത്.
എന്നാൽ തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വ്യാപക കൃഷിനാശം ഉണ്ടാകുകയും തക്കാളിയുടെ വരവ് കുറഞ്ഞിരിക്കുകയുമാണ്. പ്രതിദിനം 15 ടൺ തക്കാളി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിന്‍റെ സ്ഥാനത്ത് ഇപ്പോൾ പത്ത് ടണ്ണിൽ താഴെ മാത്രമാണ് വരുന്നത്.
ഇതോടെയാണ് സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയരാൻ ഇടയായത്. സംസ്ഥാനത്ത് മെയ് അവസാനത്തോടെ കൃഷി തുടങ്ങിയാലും വിളവെടുക്കാൻ സെപ്റ്റംബർ ആകുമെന്നതിനാൽ തക്കാളി വില ഇനിയും വർദ്ധിക്കുമെന്നാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത്.
ബംഗളൂരു മാർക്കറ്റിൽ തക്കാളിക്ക് ഇന്നലെ മൊത്തവില 100 രൂപയായി ഉയർന്നു. കേരളത്തിൽ എത്തുമ്പോൾ ഇത് 110 ആകും, ചില്ലറ വിപണിയിൽ എത്തുമ്പോൾ വില വീണ്ടും ഉയരും. കഴിഞ്ഞവർഷം ഈ സമയം തക്കാളിക്ക് 50 രൂപയായിരുന്നു ജൂണിൽ വില. മഴ പേടിയിൽ കർഷകരെ ഉത്പാദനം കുറച്ചത് ആയിട്ടാണ് പറയപ്പെടുന്നത്. കേരളത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഈ സമയം വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുക്കുക.