എറണാകുളം : കേരളത്തിൽ കോടതിയും, മീഡിയകളും, പോലീസും രാഷ്ട്രീയക്കാരും, മറ്റു വിവാദങ്ങളുടെ പുറകെ ഓടുമ്പോൾ, ഇവരെയെല്ലാം തീറ്റിപ്പോറ്റുന്ന, ചെറുകിട വൻകിട വ്യവസായങ്ങൾ അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
കുത്തക കമ്പനികൾക്ക് അവരുടെ ഇഷ്ടാനുസരണം വില വർധിപ്പിക്കാൻ സാധിക്കും എന്നുള്ളപ്പോൾ, വ്യവസായികൾക്കും ഇടത്തര കച്ചവടക്കാർക്കും, പിടിച്ചുനിൽക്കാൻ, സാധിക്കാതെ വഴിമുട്ടി നിൽക്കുന്നു. കൂടിയ വിലകൾക്ക് സാധനങ്ങൾ വാങ്ങി കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട ഒരു വലിയ അവസ്ഥയാണ് ഇത്തരം വ്യവസായങ്ങൾക്ക് ഇപ്പോൾ നേരിടേണ്ടിവരുന്ന വലിയ പ്രശ്നം.
പ്രധാനമായും ഇത് ഭക്ഷണ ഉത്പാദന വിതരണ മേഖലയായ ഹോട്ടൽ, റെസ്റ്റോറന്റ്,ബേക്കറി,കേറ്ററിംഗ്, റിസോർട്ട്, ഹോസ്റ്റൽസ് ആൻഡ് ഹോം സ്റ്റേ വ്യവസായത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ധാരാളം ആളുകൾ, നിർത്തി പോകുകയോ, മറിച്ചു വിൽക്കുകയും, മറുവാടയ്ക്ക് നൽകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത് എന്ന് ഇവരുടെയെല്ലാം അസോസിയേഷൻ ആയ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചു ഉയരുന്നതിനൊപ്പം, മറ്റ് സാധനങ്ങൾക്കും, മത്സ്യ മാംസാദികൾക്കും വില കൂടിയിട്ടുണ്ട്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ആരും ഇത് ശ്രദ്ധിച്ചതായി കൂടി കാണാനില്ല. ഇപ്പോൾ തക്കാളിയാണ് സർവകാല റെക്കാഡും ഭേദിച്ച് മുന്നേറിയത്, 120 ക്ക് മുകളിൽ കഴിഞ്ഞ ആഴ്ചയിൽ ഒറ്റയടിക്ക് 150 രൂപയിലേക്ക് വില കുതിച്ചു കയറിയിരുന്നു . തക്കാളിയുടെ വിലക്കയറ്റത്തെപ്പറ്റിയും, മറ്റ് അവശ്യസാധനങ്ങളുടെയും വാർത്ത കേരളാ ഹോട്ടൽ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതുപോലെതന്നെ കഴിഞ്ഞ മാസം കോഴിയുടെ വിലയും ഇതുപോലെ കുതിച്ചുയർന്നിരുന്നു. തക്കാളിയിലും മുരിങ്ങയിലും പച്ചമുളകിലും വില കുതിച്ചുയരുന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ വിലവർധനവ് സാമ്പാറിലും പ്രതിഫലിച്ചു തുടങ്ങി.
അവശ്യവസ്തുക്കളുടെ വില റോക്കറ്റിലും വേഗത്തിൽ ഉയരുന്നതോടെ പല ഹോട്ടലുകാരും ഫ്രീ ചാറുകളും സാമ്പാറകളും നിർത്തി, ചില ഹോട്ടലുകളിൽ സാമ്പാറിന് 10 രൂപ ഈടാക്കി തുടങ്ങി. ചില കസ്റ്റമർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഭൂരിപക്ഷം കസ്റ്റമർ മാരും അവസ്ഥ മനസ്സിലാക്കി സഹകരിക്കുന്നുണ്ടെന്ന് ഒരു ഹോട്ടൽ ഉടമ കേരളാ ഹോട്ടൽ ന്യൂസിനോട് പറഞ്ഞു.