കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്തിൽ പിടികൂടിയത് ഇരുപത്തി അയ്യായിരം കോടി രൂപയുടെ മെത്താംഫെറ്റമിൻ.
പിടികൂടിയ ലഹരിവസ്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായപ്പോൾ പിടികൂടിയത് 2525 കിലോഗ്രാം മെത്താംഫെറ്റമീൻ ആണെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഉയർന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വർധിച്ചത്.
23മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് കണക്കെടുപ്പ് പൂർത്തിയായത്.
പിടികൂടിയത് പതിനയ്യായിരം കോടിയുടെ ലഹരിവസ്തുക്കൾ എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിടികൂടിയ ലഹരിമരുന്നും പാക്കിസ്ഥാൻ പൗരനേയും നാളെ കോടതിയിൽ ഹാജരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
ലഹരിമരുന്ന് പിടിച്ച സംഭവത്തിൽ എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ട രണ്ട് ബോട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക പരിശോധനകളും നടക്കുന്നുണ്ട്.