തിരുവനന്തപുരം∙ നിർദിഷ്ട തിരുവനന്തപുരം – അങ്കമാലി ദേശീയപാതയ്ക്കു (എൻഎച്ച് 183) വേണ്ടി കോട്ടയവും കൊച്ചിയും കേന്ദ്രീകരിച്ചു പുതിയ പ്രോജക്ട് ഓഫിസ് ആരംഭിച്ചു.
തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിലുണ്ടായിരുന്ന ദേശീയപാത 66 ലെ തുറവൂർ– പറവൂർ, പറവൂർ – കൊറ്റുകുളങ്ങര റീച്ചുകളും കൊച്ചി പ്രോജക്ട് ഓഫിസിനു കീഴിലുണ്ടായിരുന്ന അരൂർ – തുറവൂർ റീച്ചും കൊച്ചിൻ പ്രോജക്ട് ഓഫിസിനു ( കൊച്ചിൻ– 2 ) കീഴിലേക്കു മാറ്റി.
രണ്ടു പ്രോജക്ട് ഓഫിസുകളിലും പ്രോജക്ട് ഓഫിസർമാരെയും നിയമിച്ചു. ഇവർക്കു പുതിയ ഓഫിസ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പുതിയ തസ്തികകളും അനുവദിക്കും.പൂർണമായും പുതിയ പാതയായി നിർമിക്കുന്ന (ഗ്രീൻഫീൽഡ്) തിരുവനന്തപുരം – അങ്കമാലി ദേശീയപാതയുടെ നടപടികൾ തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിലാണ് തുടങ്ങിയത്.
എന്നാൽ, ആറു ജില്ലകളിലൂടെ കടന്നു പോകുന്ന ദേശീയപാത ആയതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ തിരക്കു കുറയ്ക്കാനുമാണ് പുതിയ പ്രോജക്ട് ഓഫിസ് ആരംഭിച്ചത്.