അബുദാബി: ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വമ്പന്‍ തീരുമാനവുമായി യുഎഇ വിമാനക്കമ്പനിയായ വിസ് എയര്‍ അബുദാബി. ഏറ്റവും ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് വിവരം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് തങ്ങളുടെ സര്‍വീസ് വിപുലപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ട് എന്ന് വിസ് എയര്‍ അബുദാബിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോഹാന്‍ ഈദാഗന്‍ പറഞ്ഞു.
വളരെ ഉയര്‍ന്ന ഡിമാന്‍ഡുള്ള സര്‍വീസ് സെക്ടറാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഞങ്ങള്‍ക്ക് ആ വിപണിയില്‍ പ്രവേശിക്കാന്‍ സാധിച്ചാല്‍ വലിയ ആവേശമുണ്ടാക്കാന്‍ സാധിക്കും, ജോഹാന്‍ ഈദാഗന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. നിലവില്‍ തങ്ങള്‍ സര്‍വീസിനുള്ള അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് എന്നും അത് പൂര്‍ത്തിയായാല്‍ റൂട്ടുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിസ് എയര്‍ അബുദാബിയുടെ ആസ്ഥാനം അബുദാബിയാണ്. അബുദാബി സര്‍ക്കാരിന്റെ സംയുക്ത ഉടമസ്ഥയില്‍ ഉള്ളതായതിനാല്‍ വിസ് എയര്‍ അബുദാബി ചെലവ് കുറഞ്ഞ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കാനായാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും.