നിർമിതബുദ്ധി ക്യാമറകൾ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈൽ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയുമാണ് ആപ്പ് ഇൻസ്റ്റാൾചെയ്യുന്ന മലയാളികളുടെ എണ്ണം കൂടുന്നതായി പറയാനാകുന്നതെന്ന് സൈബർ വിദഗ്ധർ പറയുന്നു.ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷിച്ച് വേണമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നു.
ജി.പി.എസുമായുള്ള ബന്ധമാണ് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാൻ മൊബൈൽ ഫോൺവഴി സാധ്യമാകുന്നത്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്പോൾ ആപ്പ് ഡോൺലോഡ് ചെയ്ത ഫോണിൽ ശബ്ദസന്ദേശം എത്തും. സീറ്റ് ബെൽറ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ. രണ്ടുതവണ ഈ സന്ദേശം ഉണ്ടാകും. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റർ അടുത്തെത്തുമ്പോൾ തുടർച്ചയായി ബീപ് ശബ്ദവും ഉണ്ടാകും.
ക്യാമറ സ്ഥലം കൃത്യമായിരുന്നോ എന്നറിയാൻ ആപ്പ്, ഫീഡ്ബാക്കും ചോദിക്കുന്നുണ്ട്. ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പിൽ കാണിക്കും. വാഹനം ഓടുമ്പോഴുള്ള വേഗവും സ്ക്രീനിലുണ്ടാവും. അടുത്തിടെ ഏറ്റവുംകൂടുതൽ ഇൻസ്റ്റാൾ ചെയ്തത് റഡാർബോട്ട് എന്ന ആപ്പാണ്. അഞ്ചുകോടിക്കുമേൽ ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്പനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്. ഇപ്പോൾ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറിൽ ഇതുള്ളത്.
വിദേശ രാജ്യങ്ങളിൽ നാലുവർഷംമുമ്പ് പ്രചരിച്ചതാണ് ക്യാമറ സ്ഥലം തിരിച്ചറിയാനുള്ള ആപ്പുകൾ. ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. ക്യാമറ വെച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കി വാഹനമോടിക്കുന്നതല്ല യഥാർഥ ഗതാഗത സംസ്കാരമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കുന്നത് അവനവന്റെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന് ചിന്തിച്ചാൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിലെ മെമ്മറി ഇല്ലാതാക്കേണ്ട കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
നിങ്ങളുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ക്യാമറ തിരിച്ചറിയാനുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എസ്.എം.എസ്, മൊബൈൽ ക്യാമറ, മൈക്രോഫോൺ, കോൺടാക്ട് എന്നിവയിൽ പെർമിഷൻ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതൊക്കെ നൽകിയെങ്കിൽ മാത്രമേ മുന്നോട്ടുപോകാനാകൂ എന്നതാണ് ആപ്പ് കമ്പനിയുടെ നയം എങ്കിൽ തീരുമാനമെടുക്കേണ്ടത് ഫോണിന്റെ ഉടമയാണ്. ലൊക്കേഷൻ പെർമിഷനില്ലാതെ ഇത്തരം ആപ്പുകൾ പ്രവർത്തിക്കില്ല. ആവശ്യം കഴിഞ്ഞ് ആപ്പിൽനിന്ന് എക്സിറ്റായില്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക.
ഡോ.പി. വിനോദ് ഭട്ടതിരിപ്പാട്, സൈബർ ഫൊറൻസിക് വിദഗ്ധൻ
കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്സബ്സ്ക്രൈബ് ചെയ്യുക
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാകുക