ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി: രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ വ്യാജ നോട്ടുകൾ തിരിച്ചറിയാം? 500 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം 14.4 ശതമാനം വര്ധിച്ചതായാണ് ആർബിഐ പറയുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം കള്ളനോട്ടുകളുടെ 4.6 ശതമാനം റിസർവ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളിൽ 20, 500 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. 20 രൂപയുടെ കള്ളനോട്ടുകളിൽ 8.4 ശതമാനവും 500 രൂപ നോട്ടുകളിൽ 14.4 ശതമാനവുമാണ് വർധന. 2000 രൂപ നോട്ടുകളുടെ കള്ളപ്പണത്തിൽ 27.9 ശതമാനം കുറവുണ്ടായതായും ആർബിഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 87.9 ശതമാനമാണ് 500,2000 രൂപ നോട്ടുകളുടെ വിഹിതം. അളവിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ 500 രൂപ നോട്ടുകളാണ്. 37.9 ശതമാനമാണ് വിപണിയിലെ വിഹിതം. 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 19.2 ശതമാനവും 10 രൂപ നോട്ടുകളായിരുന്നു.
വ്യാജ നോട്ടുകൾ കൂടുകയാണ്, ഇ സാഹചര്യത്തിൽ നിരന്തരം വിനിമയം ചെയ്യുമ്പോൾ എങ്ങനെ കള്ള നോട്ടുകൾ തിരിച്ചറിയാം? മഹാത്മാഗാന്ധിയുടെ ഛായാചിത്രം, അശോകസ്തംഭം, 500 രൂപ നോട്ടുകളിൽ അച്ചടിച്ച വർഷം എന്നിവ പരിശോധിച്ചാൽ പോലും ഒറ്റനോട്ടത്തിൽ കള്ളനോട്ടുകൾ തിരിച്ചറിയാനാകും. നോട്ടിന്റെ ഇടതുവശത്ത് താഴെ 500 എന്ന സംഖ്യ എഴുതിയിരിക്കും. ദേവനാഗിരി ലിപിയിലുള്ള ഈ എഴുത്ത് വ്യക്തമായി കാണാം.
നോട്ടിന്റെ മധ്യഭാഗത്തായി അച്ചടിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ ചിത്രം നോക്കാം. ചിത്രത്തിന് സമീപം ‘ഇന്ത്യ’, ‘ആർബിഐ’ എന്ന് എഴുതിയിരിക്കുന്ന ഒരു ത്രെഡ് കാണാം. നോട്ട് ചരിഞ്ഞാൽ, ഈ ത്രെഡിന്റെ നിറം പച്ചയിൽ നിന്ന് നീലയിലേക്ക് മാറുന്നു. ഒർജിനൽ നോട്ടുകളിൽ വാട്ടർമാർക്ക് ഉണ്ടാകും. അശോകസ്തംഭം, കറൻസി നോട്ട് അച്ചടിച്ച വർഷം, ചെങ്കോട്ടയുടെ ചിത്രം തുടങ്ങിയവയും താരത്യം ചെയ്താൽ മനസിലാക്കാം. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ വലതുവശത്തുള്ള ഗവർണറുടെ ഒപ്പും ആർബിഐ ചിഹ്നവും ഉപയോഗിച്ച് യഥാർത്ഥ നോട്ട് തിരിച്ചറിയാൻ കഴിയും