ന്യൂഡൽഹി: നഷ്ടപ്പെട്ട മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഈ മാസം 17 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിലാകുമെന്ന് മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
സെന്റർ ഫോർ ഡിപ്പാർട്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി ഡോട്ട്) വികസിപ്പിച്ച സി.ഇ.ഐ.ആർ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാവുക. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹി, മഹാരാഷ്ട്ര, കർണാടക, വടക്കുകിഴക്കൻ മേഖല തുടങ്ങി ചില മേഖലകളിൽ നേരത്തേ നടപ്പാക്കിയ സംവിധാനമാണ് രാജ്യവ്യാപകമാക്കുന്നത്.
അതേസമയം, സാങ്കേതികവിദ്യ രാജ്യവ്യാപകമായി നടപ്പാക്കാൻ സജ്ജമാണെന്നും എന്നാൽ, തീയതി സംബന്ധിച്ച് ഉറപ്പുനൽകുന്നില്ലെന്നും സി-ഡോട്ട് സി.ഇ.ഒ രാജ്കുമാർ ഉപാധ്യായ് പറഞ്ഞു.
രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണിനും 15 അക്ക ഐ.എം.ഇ.ഐ നമ്പർ നിർബന്ധമാണ്.
ഇത് ഉപയോഗിച്ചാണ് നേരത്തേ ട്രാക്കിങ് സാധ്യമായിരുന്നത്. എന്നാൽ, മോഷ്ടിക്കുന്ന ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറിൽ മാറ്റം വരുത്തുന്നത് വെല്ലുവിളിയായിരുന്നു.
ഐ.എം.ഇ.ഐ മാറ്റം വരുത്തിയ ഫോണുകളും പുതിയ സംവിധാനം വഴി കണ്ടെത്താൻ കഴിയും. അടുത്തിടെ മോഷ്ടിക്കപ്പെട്ട 2500ലധികം മൊബൈൽ ഫോണുകൾ കർണാടക പൊലീസ് സി.ഇ.ഐ.ആർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തി ഉടമകൾക്ക് കൈമാറിയിരുന്നു.
ആപ്പിൾ ഫോണുകൾക്ക് ആപ്പിൾ ഐഡി ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സംവിധാനമുണ്ട്. ആൻഡ്രോയ്ഡ് ഉപകരണങ്ങൾക്കുകൂടി ഈ പരിരക്ഷ ലഭ്യമാവുകയാണിനി.