Monday, 1 May 2023

ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം

SHARE
എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്. അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു. തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി അതു മാറി. അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്.  

ചരിത്രപ്രസിദ്ധമായ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ദിനമാണ് മെയ് ഒന്ന്. ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമര്‍പ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം മെയ്ദിനം രേഖപ്പെടുത്തുന്നു. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിനമല്ല. വരാന്‍ പോകുന്ന ശക്തവും തീവ്രവുമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊര്‍ജ്ജം പകരുന്ന ദിനാചരണം കൂടിയാണ്.

തൊഴിലാളി വര്‍ഗത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും മെയ് ആദ്യ ദിവസം തൊഴിലാളി ദിനം അല്ലെങ്കില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. മെയ് ദിനം എന്നും അറിയപ്പെടുന്ന ഈ ദിവസം പല രാജ്യങ്ങളിലും പൊതു അവധി ദിനമായും ആചരിക്കുന്നു. ഇന്ത്യയിലും തൊഴിലാളി ദിനം പൊതു അവധിയാണ്, അത് അന്തരാഷ്ട്ര ശ്രമിക് ദിവസ് (അന്താരാഷ്ട്ര തൊഴിലാളി ദിനം) ആയി ആഘോഷിക്കപ്പെടുന്നു.

ഹിന്ദിയില്‍ ''കാംഗര്‍ ദിനം'', കന്നഡയില്‍ ''കാര്‍മിക ദിനചരണെ'', തെലുങ്കില്‍ ''കാര്‍മ്മിക ദിനോത്സവം'', മറാത്തിയില്‍ ''കംഗര്‍ ദിവസ്'', തമിഴില്‍ ''ഉഴൈപാലര്‍ ദിനം'', മലയാളത്തില്‍ ''തൊഴിലാളി ദിനം'', ബംഗാളിയില്‍ ''ശ്രോമിക് ദിബോഷ് '' എന്നിങ്ങനെയാണ് ഈ ദിവസം അറിയപ്പെടുന്നത്. 

അന്താരാഷ്ട്ര തൊഴിലാളി ദിനം: ചരിത്രം

1889 ജൂലായ് 14- ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന യൂറോപ്പിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ആദ്യ അന്താരാഷ്ട്ര കോണ്‍ഗ്രസിലാണ്  എല്ലാ വര്‍ഷവും മെയ് 1 'തൊഴിലാളി ദിനമായി ആചരിക്കുന്നതിന്' പ്രഖ്യാപനം  ഉണ്ടാവുന്നത്. ഇതിനു ശേഷം 1890 മെയ് 1 ന് ആദ്യത്തെ മെയ് ദിനാഘോഷം നടന്നു. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവും അന്താരാഷ്ട്ര ഐക്യവും പ്രഖ്യാപിക്കുന്ന ദിനം കൂടിയാണ് മെയ് 1 
തൊഴിലാളി ദിനമായി മെയ് 1 തിരഞ്ഞടുക്കാന്‍ പ്രത്യേക കാരണമുണ്ട്. എട്ടു മണിക്കൂര്‍ ജോലി ആവശ്യപ്പെട്ടു നടത്തിയ സമരവും അതിനെ തുടര്‍ന്നുണ്ടായ കലാപവുമാണ് അത്. 1884-ല്‍, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍സാണ് എട്ടു മണിക്കൂര്‍ ജോലിസമയം ആവശ്യപ്പെടുന്നത്
 1886 മെയ് 1 മുതല്‍ ഇതു  പ്രാബല്യത്തില്‍ വരുമെന്നും യൂണിയനുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ തൊഴിലുടമകള്‍ അനുവദിക്കാതിരുന്നതിനാല്‍ ഇത് പൊതു പണിമുടക്കിലും ചിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റ് കലാപത്തിലും കലാശിച്ചു

SHARE

Author: verified_user