തിരുവനന്തപുരം : കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ ചർച്ചയാകു
ന്നത് എഐ ക്യാമറകളെ കുറിച്ചാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാനായി സർക്കാർ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകളുടെ സവിശേഷതകൾ അതിശയിപ്പിക്കുന്നതാണ്. വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയോ ഹെൽമറ്റ് ധരിക്കാതെയോ യാത്രചെയ്താൽ ക്യാമറയ്ക്ക് അത് മനസിലാക്കാനുള്ള കഴിവുണ്ട്. ഫോൺ ഉപയോഗിച്ചാലും ബൈക്കിൽ ട്രിപ്പിൾസ് പോയാലുമെല്ലാം ഇത് തന്നെയാണ് അവസ്ഥ.
എഐ ക്യാമറ നിയമലംഘനങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്താൻ ശേഷിയുള്ളതാണ്. അതിവേഗം തന്നെ വാഹനത്തിന്റെ നമ്പർ നോട്ട് ചെയ്യുകയും പിഴ ഒടുക്കാനുള്ള സംവിധാനത്തിലേക്ക് കടക്കുകയും ചെയ്യും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും ക്യാമറകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കെൽട്രോൺ ആണ് ഈ ക്യാമറകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇടുക്കിയിലും വയനാട്ടിലും 30 മുതൽ 45 വരെ ക്യാമറകളാണ് ഉള്ളത്. കണ്ണൂരില്‍ 50നും അറുപതിനു ഇടയിൽ ക്യാമറകൾ ഉണ്ട്. കാസർകോട് 40 ക്യാമറകളാണ് ഉള്ളത്.
എഐ ക്യാമറയെ രാത്രിയിൽ പറ്റിക്കാമെന്ന് ആരും കരുതേണ്ട. രാത്രിയിലും വളരെ കൃത്യമായി പ്രവർത്തിക്കുന്നവയാണ് ഈ ക്യാമറകൾ. കാറുകളുടെയും മറ്റും മുൻ ഗ്ലാസിലൂടെയാണ് ഈ ക്യാമറ നിരീക്ഷിക്കുന്നത്. സീറ്റ്ബെൽട്ട് ഇട്ടില്ലെങ്കിലും ഡ്രൈവിങിനിടെ ഫോൺ ചെയ്താലുമെല്ലാം ക്യാമറ ഓട്ടോമാറ്റിക്കായി അവ കണ്ടെത്തും. 800 മീറ്റർ ദൂരപരിധിക്കുള്ളിൽ വരെ ഈ ക്യാമറ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തും. ഇനി ഹെൽമറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽ വച്ച് രക്ഷപ്പെടാമെന്നും കരുതേണ്ട. ഇതും ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയിൽ ഉണ്ട്.