കൊച്ചി : നമ്മുടെ കടയിലോ വീടുകളിലോ പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കില്‍ അത് അവഗണിക്കരുത്. പ്രശ്നം ഗുരുതരമാകാന്‍ നാളേറെ വേണ്ട! വാട്ടര്‍ടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ടാങ്കില്‍ പ്രശ്നങ്ങളില്ലെങ്കില്‍ കിണര്‍ പരിശോധിക്കുക. വളര്‍ത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റില്‍ അകപ്പെട്ടു ചീയാനുളള സാധ്യതയുണ്ട്. കിണര്‍ തേകിവൃത്തിയാക്കിയ ശേഷം ഉൗറിക്കൂടുന്ന വെളളത്തില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയാക്കി നേര്‍പ്പിച്ചു ചേര്‍ക്കാം. ഇക്കാര്യത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം തേടുക. കിണര്‍ തേകി വൃത്തിയാക്കിയശേഷം വെളളം ശുദ്ധമാകുന്നതിനു കരിയും ഉപ്പും ചേര്‍ത്ത മിശ്രിതം കിണറിന്റെ അടിത്തിലിടുന്ന രീതി പഴമക്കാര്‍ സ്വീകരിച്ചിരുന്നു. പൈപ്പ് വെള്ളം ഉപയോഗിക്കുന്പോള്‍ ക്ലോറിനേറ്റ് ചെയ്ത ജലം പുര്‍ണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലും മറ്റു പംബിംഗ് വസ്തുക്കളിലും നിന്നു കുടിവെളളത്തില്‍ ലെഡ് കലരുനുള്ളസാധ്യതയുണ്ട്.
രക്തത്തില്‍ ലെഡ് ക്രമാതീതമായാല്‍ കുട്ടികളില്‍ വിളര്‍ച്ച, പഠനത്തിനും കേള്‍വിക്കും തകരാറുകള്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി, ഐക്യു കുറയല്‍ എന്നിവയ്ക്കു സാധ്യതയേറും. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം കുഴപ്പത്തിലാകും. നാഡീവ്യവസ്ഥ, തലച്ചോറ്, മറ്റ് അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ലെഡ് വിഷബാധ തകരാറിലാക്കുന്നു. പെരുമാറ്റപ്രശ്നങ്ങള്‍ക്കും പ്രത്യുത്പാദന വ്യവസ്ഥയില്‍ തകരാറുകള്‍ക്കും ഇടയാക്കുന്നു.
ലെഡ് വിഷബാധ കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഭീഷണിയാണ്; ആറു വയസില്‍ താഴെയുളള കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. ക്രോംപ്ലേറ്റഡ് പിത്തള ടാപ്പുകളില്‍ മൂന്നു മുതല്‍ എട്ടു ശതമാനം വരെ ലെഡ് അടങ്ങിയിരിക്കുന്നു. പൈപ്പില്‍ കിടന്നു ചൂടായ വെളളത്തില്‍ ലെഡിന്റെ അംശം കൂടുതലാണ്. പൈപ്പില്‍ കെട്ടിക്കിടക്കുന്ന വെളളം രാവിലെ ഉപയോഗത്തിനു മുന്‍പ് അല്പനേരം തുറന്നുവിടണം.
പൈപ്പില്‍ കെട്ടിക്കിടന്നു ചൂടായ വെളളവും അല്പനേരം തുറന്നുകളയണം. പൈപ്പ് വെളളത്തിന്റെ ഗുണനിലവാരം ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തുക.